കോവിഡ് പ്രതിരോധം വിജയത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധം വിജയത്തിൽ. ഒറ്റപ്പെട്ട കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, കോവിഡ് വിമുക്തി നിരക്ക് ഉയർന്ന നിലയിലാണ്. കോവിഡിനെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യം മുന്നേറിയതായി ഇത് സൂചിപ്പിക്കുന്നു.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 18നും മുകളിലും പ്രായമുള്ളവർക്ക് ബൈവാലന്റ് കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചു. ജലീബ് യൂത്ത് സെന്റർ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി ഇവ വിതരണം ചെയ്യുന്നു. ഉത്തേജക ഡോസാണ് ബൈവാലന്റ് വാക്സിൻ. എടുക്കണോ, വേണ്ടയോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും നിർബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് രോഗത്തിന്റെ ആഘാതം കുറക്കുമെന്നും ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും അധികൃതർ പറയുന്നു.
പ്രായമായവർക്കും അപകടസാധ്യതയുള്ളവർക്കും ബൂസ്റ്റർ ഡോസ് ഗുണം ചെയ്യും. മുൻ കുത്തിവെപ്പുകളുടെ ഫലപ്രാപ്തി വർധിപ്പിക്കും. ഗുരുതര രോഗം, ആശുപത്രിവാസം, മരണം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. 18നും അതിന് മുകളിലും പ്രായമുള്ളവർക്ക് മുൻ ഡോസ് കഴിഞ്ഞ് കുറഞ്ഞത് രണ്ടുമാസമെങ്കിലും കഴിഞ്ഞാൽ, ബൈവാലന്റ് ഉത്തേജക ഡോസ് എടുക്കാം.
കൊറോണ വൈറസ് വാക്സിന്റെ അടിസ്ഥാന ഡോസുകൾ രാജ്യത്ത് ഇപ്പോഴും ലഭ്യമാണ്. വെസ്റ്റ് മിശ്റഫിലെ അബ്ദുൽ റഹ്മാൻ അൽ സെയ്ദ് ഹെൽത്ത് സെന്റർ വഴി അഞ്ചു വയസ്സ് മുതലുള്ളവർക്ക് ലഭിക്കും. 12-18 വയസ്സ് പ്രായമുള്ളവർക്കും മുമ്പ് വാക്സിൻ എടുത്തിട്ടില്ലാത്ത എല്ലാവർക്കും ഈ കുത്തിവെപ്പെടുക്കാം.
ജനുവരിയിൽ കോവിഡിന്റെ ഒമിക്രോണ് ഉപവകഭേദമായ എക്സ്.ബി.ബി- 1.5 രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിനെ വ്യാപനം ഇല്ലാതെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിനായി. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട സാഹചര്യം നിലവിൽ ആശ്വാസകരമാണെന്നും ഭയപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വൈറസ് പരിവർത്തനം ചെയ്യപ്പെട്ട് കാലക്രമേണ പ്രതിരോധശേഷി കുറയുന്നതിനാൽ ഭയപ്പാട് വേണ്ടെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

