രാജുവിന് നാട്ടിലെത്താൻ പ്രവാസി സമൂഹം ഒന്നിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: മസ്തിഷ്കാഘാതം സംഭവിച്ച് ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ രാജുവിനെ നാട്ടിലെത്താൻ ശ്രമം തുടരുന്നു. വിഷയത്തിൽ കുവൈത്തിലെ മലയാളി സമൂഹവും കെ.എം.സി.സിയും ഇടപെടൽ നടത്തിവരികയാണ്. അബ്ബാസിയയിൽ സ്വർണക്കടയിൽ ജോലി ചെയ്തിരുന്ന 48 കാരനായ രാജുവിന്റെ ജീവിതം മൂന്ന് മാസം മുമ്പാണ് തകിടം മറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ചികിത്സ തേടിയ രാജുവിന് മസ്തിഷ്ക ആഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. മൂന്നു മാസമായി ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന രാജുവിനെ പ്രത്യേക മെഡിക്കൽ സംവിധാനത്തോടെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള അനുമതി ആശുപത്രി നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് 3500 കുവൈത്ത് ദീനാറോളം ചെലവ് വരും. ഇതോടെ നാട്ടിൽ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ വാടകവീട്ടിൽ കഴിയുന്ന രാജുവിന്റെ ഭാര്യയും, പഠിക്കുന്ന രണ്ട് മക്കളും എന്തുചെയ്യണമെന്നറിയാത്ത നിലയിലാണ്. നാട്ടിൽ എത്തിയാൽ തുടർ ചികിൽസക്കും മറ്റും കമ്മിറ്റി രൂപവത്ക്കരിച്ചായി തുടക്കം മുതൽ വിഷയത്തിൽ ഇടപെടുന്ന നാട്ടുകാരനായ രായിൻകുട്ടി ഹാജി പറഞ്ഞു. കുടുംബം പൊന്നാനി എം.പി അബ്ദുസ്സമദ് സമദാനി മുഖേന കുവൈത്തിലെ ഇന്ത്യൻ എംബസിക്കും അംബാസഡർക്കും കത്ത് അയക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ നീണ്ടുപോയി.
ഇതോടെ പ്രവാസ ലോകത്തിൻ്റെ സഹായത്തോടെ രാജുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് കെ.എം.സി.സിയും മറ്റ് സാമൂഹ്യ പ്രവർത്തകരും. രാജുവിൻ്റെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാൻ പ്രവാസ ലോകം ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സാമൂഹ്യ പ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

