സ്വാതന്ത്ര്യസമരത്തിന്റെ ‘ചൂട്’ അനുഭവിച്ച നാൾ
text_fieldsഹൈഫ സിംറാ
സ്വാതന്ത്ര്യത്തിന്റെ 78ാം വാർഷികം ആഘോഷിക്കുമ്പോൾ എന്റെ സ്കൂളിൽ മുമ്പൊരിക്കൽ നടന്ന ഒരു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയെക്കുറിച്ച ‘ചൂടുള്ള’ ചില ഓർമകൾ തികട്ടിവരുന്നു.
സ്കൂൾ ബസ് ഹോൺ അടിക്കുന്നത് കേട്ട് ഞാനും കെ.ജിയിലും മൂന്നാം തരത്തിലും പഠിക്കുന്ന കുഞ്ഞനുജന്മാരും റോഡിലേക്ക് ഓടി. ‘സ്വാതന്ത്ര്യ സമര സേനാനികളുടെ’ ഒരുസംഘം തന്നെയുണ്ടായിരുന്നു ബസിൽ. ഭഗത് സിങ്ങിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും വേഷത്തിലായിരുന്നു അനുജന്മാരായ അയ്മനും ലിയാമും. സ്കൂൾ മുറ്റത്തെത്തിയപ്പോൾ സേനാനിമാരുടെ ഒരു വലിയ കൂട്ടം അവിടെയും നിരന്നിരുന്നു.
ടീച്ചർമാരും ആയമാരുമെല്ലാം അലങ്കാരപ്പണിയുടെ തിരക്കിലാണ്. ക്ലാസിൽ ടീച്ചർ പതാകയും ബാഡ്ജും റിബണും ഒക്കെ നിരത്തിവെച്ചിരിക്കുന്നു. പത്തു രൂപ കൊടുത്താൽ സ്വാതന്ത്ര്യദിനം കേമമാക്കാനുള്ള ഈ ഐറ്റംസ് സ്വന്തമാക്കാം. ബാഡ്ജ് കുത്തിക്കൊണ്ടിരിക്കുമ്പോൾ ഗ്രൗണ്ടിലേക്ക് പോകാനുള്ള അനൗൺസ്മെൻറ് കേട്ടു.
സ്വാതന്ത്ര്യസമരസേനാനികളും നേതാക്കളും പുനർജനിച്ചു വന്ന് കാത്തിരിക്കുന്ന സദസ്സിൽ കൃത്യം ഏഴു മണിക്ക് പ്രിൻസിപ്പൽ പതാക ഉയർത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പരിപാടികൾക്ക് തുടക്കം. പ്രാർഥന ഗാനം കഴിഞ്ഞ് സാറൻമാരുടെ നീണ്ട പ്രസംഗം കേട്ട് കുറെപേരെങ്കിലും കോട്ടുവായിടുന്നത് കണ്ടു. കത്തിക്കയറുന്ന പ്രസംഗങ്ങൾക്കിടെ ആയമാർ മധുരപ്പായസവുമായെത്തിയപ്പോഴാണ് അൽപം ആശ്വാസമായത്,
പിറകെ മിഠായികളും എത്തിയത് കുളിരായി. എന്നാൽ ആ കുളിര് അടുത്ത പരിപാടിയോടെ അപ്രത്യക്ഷമായി. ഗ്രൗണ്ടിലെ പരിപാടികൾക്കൊടുവിൽ പൊരിവെയിലത്ത് ടൗണിലൂടെ നടത്തിയ മാർച്ച് സ്വാതന്ത്ര്യസമരത്തിന്റെ ‘ചൂട്’ അനുഭവിപ്പിക്കുന്നതായി. അടുത്ത വർഷത്തെ പെരുമഴക്കാലം മനസ്സിൽ കണ്ട് അന്നത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തിരശ്ശീല താഴ്ന്നു. അന്നത്തെ പ്രാർഥനയുടെ ഫലമാണോ എന്തോ ഇപ്പോൾ ആഗസ്റ്റിൽ കൊടും മഴയാണ്...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

