കിരീടാവകാശി രാഷ്ട്ര നേതാക്കൾക്ക് ആശംസ നേർന്നു
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ബലിപെരുന്നാളിന്റെ ഭാഗമായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായും ജി.സി.സി രാജ്യങ്ങളിലെ കിരീടാവകാശികളുമായും ടെലിഫോണിൽ സംസാരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ ഫോണിൽ വിളിച്ച കിരീടാവകാശി ആശംസകൾ നേർന്നു. അദ്ദേഹത്തിന് ആരോഗ്യവും വിജയവും രാജ്യത്തിന് സമൃദ്ധിയും നേർന്ന ശൈഖ് മിശ്അൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും കൈമാറി.
ആശംസകൾക്ക് നന്ദി പറഞ്ഞ ബഹ്റൈൻ രാജാവ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി നല്ല ആരോഗ്യവും അദ്ദേഹത്തിന്റെ വിവേകപൂർണമായ നേതൃത്വത്തിൻ കീഴിൽ കുവൈത്തിന് പുരോഗതിയും സമൃദ്ധിയും നേർന്നു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിനെയും ഫോണിൽ വിളിച്ച് കിരീടാവകാശി പെരുന്നാൾ ആശംസകൾ കൈമാറി. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും കൈമാറി.
ആശംസകൾക്ക് നന്ദി പറഞ്ഞ ഒമാൻ സുൽത്താൻ ഒമാനും കുവൈത്തും തമ്മിൽ ആഴത്തിലുള്ള സാഹോദര്യ ബന്ധങ്ങളെയും ചരിത്രപരമായ ബന്ധങ്ങളെയും അനുസ്മരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും കുവൈത്ത് കിരീടാവകാശി പെരുന്നാൾ ആശംസകൾ നേർന്നു.
സന്തോഷത്തിന്റെ മുഹൂർത്തത്തിൽ കുവൈത്ത് അമീറിന്റെ ആശംസകളും അദ്ദേഹം ഖത്തർ അമീറിന് കൈമാറി. ശൈഖ് തമീമിനു ആയൂർആരോഗ്യങ്ങൾ നേർന്ന കിരീടാവകാശി ഖത്തറിനു കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു. ആശംസകൾക്ക് നന്ദിപറഞ്ഞ ഖത്തർ അമീർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി.
മറ്റു മുസ്ലീം രാജ്യങ്ങൾക്കും രാഷ്ട്ര നേതാക്കൾക്കും ജനങ്ങൾക്കും കിരീടാവകാശി ബലിപെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും ആരോഗ്യവും വിജയവും സമൃദ്ധിയും കൈവരട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

