രാജ്യത്ത് ആറുമാസത്തിലധികം ആവശ്യത്തിന് ഭക്ഷ്യ ശേഖരം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ രാജ്യത്തെ ഭക്ഷ്യശേഖരത്തെക്കുറിച്ച് ആശങ്ക വേണ്ട. രാജ്യത്ത് ആറ് മാസത്തിലധികം കാലത്തേക്ക് ഭക്ഷ്യശേഖരം ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
അവശ്യ, ദ്വിതീയ വസ്തുക്കളുടെ ദേശീയ കരുതൽ ശേഖരം ആറ് മാസത്തിലധികം കാലത്തേക്ക് പര്യാപ്തമാണെന്നും സ്ഥിതി തൃപ്തികരവും ഉറപ്പുനൽകുന്നതുമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സപ്ലൈസ് വകുപ്പ് ഡയറക്ടർ സലാഹ് അൽ റഷീദി പറഞ്ഞു. സംഘർഷത്തെത്തുടർന്ന് കുവൈത്ത് അടിയന്തര പദ്ധതികൾ ശക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ആണവ വികിരണവും രാസ അപകടങ്ങളും തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വകുപ്പിന് തന്ത്രപരമായ പദ്ധതിയുണ്ട്, ഭക്ഷ്യവസ്തുക്കളുടെ സുഗമമായ വിതരണവും മതിയായ അളവിലുള്ള ലഭ്യതയും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അൽ റഷീദി പറഞ്ഞു.
സ്ഥിതി സാധാരണമാണ്. പൊതുജനങ്ങളുടെ വാങ്ങൽ വർധിച്ചിട്ടില്ല. എല്ലാ ഇനങ്ങളും വിതരണ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് വിതരണ കേന്ദ്രങ്ങളിൽ ദിവസേന പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ അടിയന്തര സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കരുതൽ ശേഖരമുള്ള ഇടങ്ങൾക്ക് സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയും ജീവനക്കാർക്ക് സംരക്ഷണം നൽകുന്നതിനുള്ള മാർഗങ്ങളും യോഗം ഉറപ്പാക്കി. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള പ്രതികരണത്തിനായി അതോറിറ്റി ഹോട്ട്ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

