കൊടും തണുപ്പ്... ഞായറാഴ്ച തണുപ്പ് രൂക്ഷമാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കൊടും തണുപ്പ്. ശനിയാഴ്ച വൈകീട്ടോടെ ശക്തമായ തണുപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു. തണുത്ത ഉയർന്ന മർദ്ദ സംവിധാനത്തിന്റെ മുന്നേറ്റവും വടക്കുപടിഞ്ഞാറൻ കാറ്റുമാണ് തണുപ്പിന്റെ തീവ്രത കൂട്ടിയത്.
ഞായറാഴ്ച രാവിലെ തണുപ്പ് കൂടുതൽ രൂക്ഷമാകും. വരുന്ന ഏതാനും ദിവസങ്ങൾ ഇതേ കാലാവസ്ഥ തുടരും. പകലിനെക്കാൾ രാത്രി താപനില വളരെ താഴെയായിരിക്കും. രാത്രി വൈകിയും പുലർച്ചയും തണുപ്പിന്റെ ആഘാതം കൂടും. ഇതിനൊപ്പം താപനില കുത്തനെ കുറയും. ഉൾനാടൻ, മരുഭൂമി പ്രദേശങ്ങളിൽ മരവിപ്പിക്കുന്ന നിലയിലേക്ക് താപനില താഴാമെന്നും ഇസ്സ റമദാൻ സൂചിപ്പിച്ചു.
കുവൈത്തിനൊപ്പം അറേബ്യൻ ഉപദ്വീപിനെയും ശക്തമായ തണുപ്പ് ബാധിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും അടുത്തമാസവും കനത്ത തണുപ്പ് പ്രതീക്ഷിക്കുന്നു. മാർച്ച് അവസാനം വരെ തണുപ്പ് തുടരും.
മേൽവസ്ത്രങ്ങൾ നിർബന്ധം
പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഉണർത്തി. തണുപ്പുകാലത്ത് മേൽക്കുപ്പായത്തിനൊപ്പം ഷൂസും തൊപ്പിയും മഫ്ളറും കയ്യുറകളും ധരിക്കുന്നത് കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. തണുത്ത കാറ്റ്, മഞ്ഞ് എന്നിവയിൽ നിന്നുള്ള പ്രതിരോധത്തിന് ചെവി മൂടുന്ന തൊപ്പിയും മഫ്ലറും ഗുണകരമാണ്. കട്ടിയുള്ള മേൽവസ്ത്രങ്ങൾ തണുപ്പിനെതിരെ ശരീരത്തിന് മതിയായ സംരക്ഷണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

