തണുപ്പ് വരുന്നു; ശുചീകരണ തൊഴിലാളികൾക്കിനി കഠിനകാലം
text_fieldsപ്രായം മറന്ന്, തണുപ്പ് വകവെക്കാതെ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി
കുവൈത്ത് സിറ്റി: രാജ്യം തണുപ്പ് കാലാവസ്ഥയിലേക്ക് അടുക്കുേമ്പാൾ ഉള്ളുപിടയുന്ന നിരവധി തൊഴിൽ വിഭാഗങ്ങളുണ്ട്. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ പുറംപണിക്കാർക്കിനി കഠിന കാലമാണ്. മരംകോച്ചുന്ന തണുപ്പിൽ പുലർകാലത്ത് റോഡിലിറങ്ങി മാലിന്യം ശേഖരിക്കുന്നവരിൽ പ്രായമേറിയവരും അവശരും ഏറെയാണ്.
ഇപ്പോൾ ശക്തമായ തണുപ്പ് ആയിട്ടില്ല. പുലർച്ച അന്തരീക്ഷ താപനില കുറവാണ്. അടുത്ത മാസം അവസാനത്തോടെ തണുപ്പ് ശക്തി പ്രാപിക്കും. പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാകും. നട്ടുച്ച നേരത്തുപോലും പുതച്ചുമൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഒരുകൂട്ടം മനുഷ്യർ നേരം പുലരുന്നതിന് മുമ്പും പാതിരാക്കും ജോലിക്കിറങ്ങുന്നത്. കരാർ കമ്പനികൾക്ക് കീഴിൽ തുച്ഛമായ വേതനം പറ്റിയാണ് ഇവർ ജോലി ചെയ്യുന്നത്. കരാറിൽ പറഞ്ഞ ചെറിയ തുകയിൽ പോലും കൈവെക്കുന്ന സ്ഥിതിയുമുണ്ട്.
കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതിെൻറ സൂചനയായി കഴിഞ്ഞ ആഴ്ച മഴയുണ്ടായി. വരുംദിവസങ്ങളിൽ പതിയെ കാലാവസ്ഥ തണുപ്പിലേക്ക് മാറിത്തുടങ്ങും. ചൂടും തണുപ്പും മിതമായ നല്ല കാലാവസ്ഥയായിരുന്നു ഇതുവരെ. അടുത്തയാഴ്ചയോടെ അന്തരീക്ഷ ഉൗഷ്മാവ് ക്രമേണ കുറഞ്ഞുതുടങ്ങുമെന്നാണ് വിലയിരുത്തൽ. ഡിസംബറിൽ തണുപ്പ് ശക്തി പ്രാപിക്കും. പതിവുപോലെ ജനുവരിയിൽ തന്നെയായിരിക്കും അസഹ്യമായ തണുപ്പ് അനുഭവപ്പെടുക. ജനുവരി പകുതിയോടെ അന്തരീക്ഷ ഉൗഷ്മാവ് രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഇൗ വർഷം കഠിനമായ തണുപ്പായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

