മന്ത്രിതല സമിതി യോഗം ചേർന്നു; പ്രധാന വികസന പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള തുടർനടപടികൾക്കായി നിയോഗിച്ച മന്ത്രിതല സമിതിയുടെ 32ാമത് യോഗം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു.
പ്രധാന വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനും, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള കുവൈത്തിന്റെ താൽപര്യം പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള സർക്കാറിന്റെ ദൃഢനിശ്ചയം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിനും പദ്ധതികളുടെ സുഗമവും ഫലപ്രദവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഏകോപനം തുടരണം. ഇത്തരം സംരംഭങ്ങളെ തുടർന്നും പിന്തുണക്കാനും മന്ത്രിതല തുടർനടപടി സമിതി അംഗങ്ങളോട് അദ്ദേഹം നിർദേശിച്ചു.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഇന്ത്യ സന്ദർശിച്ച കമ്പനി പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളുടെ ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി റിപ്പോർട്ടറുമായ അംബാസഡർ സമിഹ് ജോഹർ ഹയാത്ത് യോഗത്തിൽ അവതരിപ്പിച്ചു.
അതേസമയം, ചൈന വൈസ് പ്രസിഡന്റും പ്രതിനിധി സംഘവും അടുത്ത മാസം കുവൈത്തിൽ ഔദ്യോഗിക സന്ദർശനം നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളുടെ അവലോകനം, നിലവിലുള്ള കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പിലെ ഏകോപനം വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

