മന്ത്രിതല സമിതി യോഗം ചേർന്നു
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കരാർ അടുത്തയാഴ്ച ഒപ്പുവെക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ 39-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
കുവൈത്തും വിവിധ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിലെ തുടർ നടപടികൾ യോഗം അവലോകനം ചെയ്തു.
മുബാറക് അൽ കബീർ തുറമുഖത്തെ പ്രധാന വികസന പദ്ധതികളുടെ നിർവ്വഹണ നടപടിക്രമങ്ങൾ, വൈദ്യുതി മേഖലയിലെ സഹകരണം, പുനരുപയോഗ ഊർജ്ജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗ സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, മരുഭൂമീകരണത്തിനെതിരായ പോരാട്ടം എന്നിവ യോഗം ചർച്ച ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി അംഗവും റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജവഹർ ഹയാത്ത് പറഞ്ഞു.
മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുൾ ലത്തീഫ് അൽ മഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിംഗ് സഹമന്ത്രിയുമായ ഡോ.സുബൈഹ് അൽ മുഖൈസീം, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഫത്വ, നിയമനിർമ്മാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

