മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു
text_fieldsസൂരജിനും ബിൻസിക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ
കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികൾക്ക് പ്രവാസലോകത്തിന്റെ അന്ത്യാഞ്ജലി. ശ്രീകണ്ഠപുരം നടുവിൽ സൂരജ്, എറണാകുളം കോലഞ്ചേരി കട്ടക്കയം സ്വദേശി ബിൻസി എന്നിവരെയാണ് വ്യാഴാഴ്ച കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
സൂരജ് ജാബിർ ആശുപത്രിയിലും ബിൻസി ഡിഫൻസ് ആശുപത്രിയിലും നഴ്സായിരുന്നു. തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. ഉച്ചക്ക് ഒന്നിന് ആരംഭിച്ച പൊതുദർശനത്തിൽ ഇരുവരെയെും അവസാനമായി കാണാൻ നിരവധിപേർ എത്തി. സുഹൃത്തുക്കളും, സഹപ്രവർത്തകരും നിറകണ്ണുകളോടെയാണ് പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിച്ചത്.
പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. കെ.കെ.എം.എയുടെ കീഴിലുള്ള മാഗ്നറ്റ് ടീമാണ് ഇതിനായുള്ള ഇടപെടൽ നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സൂരജ്(40),ബിന്‍സി (30) എന്നിവരെ ഇവർ താമസിച്ച അബ്ബാസിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ആസ്ട്രേലിയയിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പിലായിരുന്നു ദമ്പതികൾ. രണ്ടു മക്കളെ നാട്ടിലാക്കി ആഴ്ചകൾക്കു മുമ്പാണ് ഇരുവരും കുവൈത്തിൽ മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

