വിതരണത്തിന് തയ്യറായ സിവിൽ ഐഡി കാർഡ് കൈപ്പറ്റണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സിവിൽ ഇൻഫർമേഷൻ അതോറിറ്റി മെഷീനുകളിൽ രണ്ടു ലക്ഷത്തിലധികം തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നതായി അധികൃതർ. സിവിൽ ഐഡി കാർഡ് കൈപ്പറ്റാൻ അപേക്ഷകരോട് അധികൃതർ ആവശ്യപ്പെട്ടു.
പുതുക്കിയ സിവിൽ ഐഡി കാർഡുകൾ ഉടമകൾ ശേഖരിക്കാത്തതിനെ തുടര്‍ന്നാണ് കെട്ടിക്കിടക്കുന്ന അവസ്ഥ വന്നത്. എല്ലാ നടപടികളും പൂർത്തിയായി ബന്ധപ്പെട്ട വ്യക്തികൾക്ക് എടുത്തുപോവാനായി കിയോസ്കുകളിൽ നിക്ഷേപിച്ച കാർഡുകളാണ് അവിടെത്തന്നെ കിടക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഹെഡ് ഓഫിസിലും ജഹ്റയിലെയും അഹ്മദിയിലെയും ശാഖകളിലും വിതരണത്തിന് തയാറായ 2,11,000 കാര്‍ഡുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തയാറായ കാർഡുകളിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് ഓൺലൈനായി പുതുക്കുകയും ഫീസ് അടക്കുകയും ചെയ്തവരുടേതാണ്. ഇവിടെയുള്ളവരും അശ്രദ്ധ കാരണവും മറ്റും കാർഡ് എടുക്കാൻ എത്താത്തതായുണ്ട്.
വിതരണത്തിന് തയാറായ കാര്‍ഡുകള്‍ ആളുകള്‍ കൈപ്പറ്റാത്തതിനെ തുടര്‍ന്ന് പുതിയ കാർഡുകൾ വെൻഡിങ് മെഷീനുകൾ വഴി വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതര്‍ അഭ്യര്‍ഥിച്ചു. ഐ.ഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2021ലും സമാന പ്രശ്നം രൂപപ്പെട്ടിരുന്നു. വിതരണത്തിന് തയാറായ രണ്ടു ലക്ഷത്തിലധികം തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നതായി അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

