വിദേശികളുടെ വരവ് ആരംഭിച്ചു; ഇന്ത്യക്കാർ കാത്തിരിപ്പ് തുടരുന്നു
text_fieldsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാസങ്ങൾക്കുശേഷം വിദേശികൾ വന്നുതുടങ്ങിയപ്പോൾ
കുവൈത്ത് സിറ്റി: മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്തിലേക്ക് വിദേശികളുടെ വരവ് പുനരാരംഭിച്ചു. ഞായറാഴ്ച എത്തിയവരിൽ ഭൂരിഭാഗവും ലബനാൻ, ജോർഡൻ, മറ്റ് അറബ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ്. തുർക്കിയിൽനിന്നും ഖത്തറിൽനിന്നുമാണ് ആദ്യം എത്തിയത്.
അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാന സർവിസിന് ഇനിയും കാത്തിരിക്കണം. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവിസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ ഡോസേജ് പൂർത്തിയാക്കിയവർക്ക് വാക്സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്നുമാണ് വ്യോമയാന വകുപ്പ് മേധാവി വ്യക്തമാക്കിയത്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം.
അധികം വൈകാതെതന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്രചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനം അനുവദിച്ചത്. അംഗീകൃത വാക്സിൻ രണ്ടു ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് പ്രവേശനത്തിന് നിബന്ധന വെച്ചിട്ടുള്ളത്.
യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസാണ്.
2019 ആഗസ്റ്റ് 31നുമുമ്പ് പോയവർക്ക് ഇഖാമയുണ്ടെങ്കിലും കുവൈത്തിലേക്ക് വരാനാകില്ല
കുവൈത്ത് സിറ്റി: 2019 ആഗസ്റ്റ് 31നുമുമ്പ് കുവൈത്ത് വിട്ട പ്രവാസികൾക്ക് സാധുവായ ഇഖാമയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് കുവൈത്ത് വ്യക്തമാക്കി.
ആറുമാസം കുവൈത്തിന് പുറത്തായാലും ഇഖാമ ഉണ്ടെങ്കിൽ വരാമെന്ന കോവിഡ് പശ്ചാത്തലത്തിൽ നൽകിയ പ്രത്യേക ഇളവ് 2019 ആഗസ്റ്റ് 31നുമുമ്പ് പോയവർക്ക് ലഭിക്കില്ല. അതേസമയം, 2019 സെപ്റ്റംബർ ഒന്നിനുശേഷം പുറത്തുപോയവർക്ക് ഇളവു തുടരും.
സാധാരണ നിലയിൽ തുടർച്ചയായി ആറു മാസം രാജ്യത്തിന് പുറത്തുനിന്നാൽ ഇഖാമ റദ്ദാകും. കോവിഡ് കാലത്തെ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനയിൽ ഇതിൽ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്.