ഫൈസർ വാക്സിൻ 22ാമത് ബാച്ച് എത്തി
text_fieldsകുവൈത്ത് സിറ്റി: 22ാമത് ബാച്ച് ഫൈസർ ബയോൺടെക് വാക്സിൻ കുവൈത്തിൽ എത്തിച്ചു. ഒരു ലക്ഷം ഡോസ് കൂടിയാണ് എത്തിച്ചത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്മെൻറ് ഉള്ളത് കുവൈത്തിന് വലിയ ആശ്വാസമാണ്.
കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
ഇതുവരെ ഗുരുതരമായ പാർശ്വഫലമോ മറ്റ് ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടർന്ന് 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്.
12 കഴിഞ്ഞവർക്ക് ഫൈസർ വാക്സിൻ നൽകാൻ യൂറോപ്യൻ യൂനിയൻ കമീഷനും അനുമതി നൽകിയിരുന്നു. ഇതുകൊണ്ട് അപകടമില്ലെന്നും പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ഉപകരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വാക്സിൻ നൽകും.
ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ നാല് ലക്ഷം ഡോസ് ഫൈസർ വാക്സിൻ ഇതിനായി കാണേണ്ടി വരും. കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

