സ്കൂൾ വിപണിയിൽ പരിശോധന വ്യാപകം; വില കൂട്ടിയാൽ നടപടി
text_fieldsസ്കൂൾ ഉൽപന്നങ്ങൾ വിൽക്കുന്ന കടയിൽ ഉപഭോക്തൃ സംരക്ഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
മസ്കത്ത്: വേനലവധി കഴിഞ്ഞ് രാജ്യത്തെ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ വിപണിയിൽ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). വിദ്യാർഥികൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ന്യായവിലക്ക് വിപണിയിൽ ലഭ്യമാക്കുമെന്ന് അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹക്മാനി പറഞ്ഞു.
വില സംബന്ധിച്ചോ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചോ രക്ഷിതാക്കളോ വിദ്യാർഥികളോ ആശങ്കപ്പെടേണ്ടതില്ല. വിലകൂട്ടി വിൽക്കുന്നത് തടയാൻ സ്കൂൾ വിപണിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വില കൂട്ടിയതായി ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടപടികളെടുത്തിട്ടുണ്ട്.
സാധനങ്ങളുടെ ലഭ്യതയും വിലയും നിരന്തരം നിരീക്ഷിച്ചുവരുകയാണ്. ന്യായമായ വിലയിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളെല്ലാം ലഭ്യമാക്കും. അക്കാര്യത്തിൽ ആശങ്കക്ക് വകയില്ല -സി.പി.എ ചെയർമാനെ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതുവരെയുള്ള പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ല. അത്തരം എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ അതോറിറ്റിയെ അറിയിക്കണമെന്നും നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ വിപണി സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സാധ്യമായ വേഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.