ടെർമിനൽ-4 തുറന്നു; എയർഇന്ത്യ എക്സ്പ്രസ് ഇനിയും തുടങ്ങിയില്ല
text_fields
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ -4ൽ നിന്ന് വിദേശവിമാന കമ്പനികൾ സർവിസ് ആരംഭിച്ചെങ്കിലും, എയർഇന്ത്യ എക്സ്പ്രസ് സർവിസ് ഇനിയും പ്രഖ്യാപിച്ചിച്ചില്ല.
ഉയർന്ന ടിക്കറ്റ് നിരക്കിന്റെ സമയത്ത്, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇത് തിരിച്ചടിയായി.
നീണ്ട ഇടവേളക്കുശേഷം ജൂൺ ഒന്നിന് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനരാരംഭിച്ചിരുന്നു.
ഇതോടെ നിരവധി കുടുംബങ്ങളാണ് ഈ മാസം നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ജൂൺ മൂന്നിന് വിമാനത്താവളത്തിനു നേരെ ആക്രമണം ഉണ്ടായതോടെ ടെർമിനൽ ഒന്ന് വീണ്ടും അടച്ചു. ടിക്കറ്റ് എടുത്ത യാത്രക്കാർ പ്രതിസന്ധിയിലായി.
ഈ മാസം 15 മുതൽ ടെർമിനൽ നാലിൽ നിന്ന് വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ എയർഇന്ത്യ എക്സ്പ്രസും ഉടൻ സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സർവിസ് ആരംഭിക്കുന്ന തിയതി എയർഇന്ത്യ എക്സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് എന്നു യാത്രചെയ്യാനാകും എന്നതിലും ഉറപ്പില്ല. ഒന്നാം തിയതി മുതൽ വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒന്നാം തിയതി മുതൽ മിക്ക ദിവസങ്ങളിലും വിമാനം ഫുള്ളാണ്. അതിനാൽ ഏറ്റവും അടുത്ത ദിവസങ്ങളിലേക്ക് ബുക്ക് ചെയ്യാനും കഴിയുന്നില്ല.
യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുകതിരികെ ലഭിക്കുമെങ്കിലും, തിരക്കേറിയ ഈ സമയത്ത് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാൻ വൻ തുക വേണം. യാത്രക്കാർക്ക് ഡസ്റ്റിനേഷൻ മാറ്റാനുള്ള സൗകര്യവും അധികൃതർ പരിഗണിച്ചിട്ടില്ല. ഇതിനാൽ എയർഇന്ത്യ എക്സ്പ്രസിന് വേണ്ടി കാത്തിരിക്കേണ്ട നിലയിലാണ് യാത്രക്കാർ.
വെക്കേഷൻ ആയതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നത്. എയർഇന്ത്യ എക്സ്പ്രസ് വൈകുന്നത് ഇവർ വലിയ തിരിച്ചടിയാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മറ്റു വിമാനങ്ങൾ ഇല്ല എന്നതിനാൽ മലബാർ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്.
അതേസമയം, ടെർമിനൽ-4 ൽ നിന്ന് വിവിധ രാജ്യങ്ങളിലെ വിമാന കമ്പനികൾ സുഖമമായി സർവീസ് നടത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

