ശൈത്യകാല തമ്പുകൾക്ക് അനുമതി നാലു മാസം മാത്രം; നവംബർ 15 മുതൽ നിർമിക്കാം
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാല തമ്പുകൾ പണിയാനും നിലനിർത്താനുമുള്ള കാലയളവിൽ അധികൃതർ മാറ്റംവരുത്തി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് തണുപ്പ് ആസ്വാദന തമ്പുകൾക്ക് അനുമതിയുള്ളത്. കുവൈത്ത് നഗരസഭ മേധാവി എൻജിനീയർ അഹ്മദ് അൽ മൻഫൂഹിയും പരിസ്ഥിതി വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല അൽ അഹ്മദും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.
നവംബർ ഒന്നുമുതൽ മാർച്ച് 30 വരെയായിരുന്നു കഴിഞ്ഞവർഷം വരെ രാജ്യത്ത് തമ്പുകൾ അനുവദിച്ചിരുന്നത്. തമ്പുകാലത്തിൽ ഒരു മാസത്തെ കുറവാണ് വരുത്തിയിരിക്കുന്നത്. മറ്റു നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, ലൈസൻസ് കരസ്ഥമാക്കാതെ അനധികൃത തമ്പുകൾ പണിയുന്നവർക്കുള്ള പിഴ 5000 ദീനാറായി ഉയർത്തിയിട്ടുണ്ട്. നഗരസഭയുടെ അനുമതിയാണ് തമ്പുകൾ പണിയാൻ ആവശ്യം. നവംബർ ഒന്നുമുതൽ കുവൈത്ത് നഗരസഭയുടെ വെബ്സൈറ്റ് വഴി തമ്പ് പണിയുന്നതിനുള്ള അപേക്ഷ സമർപ്പിക്കാമെന്ന് അഹ്മദ് അൽ മൻഫൂഹിയും ശൈഖ് അബ്ദുല്ല അൽ അഹ്മദും അറിയിച്ചു.
കഴിഞ്ഞ വർഷത്തേതുപോലെ തമ്പ് ലൈസൻസിനുള്ള ഫീസ് 50 ദീനാറും ഇൻഷുറൻസ് ഫീസ് 300 ദീനാറും തന്നെയാണ് ഇപ്രാവശ്യവും ഈടാക്കുക. ഇതിൽ ലൈസൻസ് ഫീസ് 50 ദീനാർ മടക്കിക്കൊടുക്കില്ല. തമ്പുപൊളിച്ച് സ്ഥലം പൂർവസ്ഥിയിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം ഇൻഷുറൻസ് ഫീസ് ഉടമകൾക്ക് തിരിച്ചുനൽകും. പരിസ്ഥിതി– മുനിസിപ്പൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ തമ്പുടമകൾക്ക് ഇൻഷുറൻസ് തുക മടക്കിക്കൊടുക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ശൈത്യകാലത്ത് മരുപ്രദേശങ്ങളിൽ തമ്പുകൾ പണിത് തണുപ്പ് ആസ്വദിക്കുകയെന്നത് കുവൈത്തികൾ ഉൾപ്പെടെയുള്ള അറബികളുടെ പതിവാണ്. കനൽ കത്തിച്ച് ചൂടുകൊള്ളുക, തണുപ്പ് അകറ്റാനുതകുന്ന തരത്തിലുള്ള മാംസാഹാരങ്ങൾ ചുട്ട് ഭക്ഷിക്കുക, വിനോദ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് തമ്പുകളിൽ നടക്കാറ്. സ്വദേശികളെ പോലെ വിദേശികൾക്കും തമ്പ് പണിയാനുള്ള അനുമതി നൽകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
