ഗസ്സയിലേക്ക് ടെന്റുകളും പുതപ്പും
text_fieldsസഹായവുമായി പുറപ്പെടുന്ന വിമാനം
കുവൈത്ത് സിറ്റി: യുദ്ധത്തിൽ തകർന്ന ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്തിന്റെ കൂടുതൽ സഹായം. മാനുഷിക സഹായ എയർ ബ്രിഡ്ജിന്റെ ഭാഗമായി കുവൈത്തിൽനിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി 27ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 40 ടൺ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും ടെന്റുകളും അടങ്ങുന്നതാണ് സഹായം. മെഡിക്കൽ സപ്ലൈസ്, 100 ടെന്റുകൾ, 10,000 പാക്കറ്റ് പൊടി പാൽ, 2000 പുതപ്പുകൾ, അഞ്ച് ടൺ അരി, അഞ്ച് ടൺ മെഡിക്കൽ എന്നിവയാണ് അയച്ചത്.
ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി വരുംദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ അയക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ഇസ്രായേൽ ആക്രമണഫലമായി ഫലസ്തീനികൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കലാണ് ലക്ഷ്യം. കുവൈത്ത് ഭരണകൂടത്തിന്റെ മാനുഷിക പങ്ക് പ്രകടമാകുന്നതാണ് സഹായസാമഗ്രികൾ എന്നും അൽ സെയ്ദ് വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ കുവൈത്ത് ഫലസ്തീനികൾക്ക് സഹായം അയക്കുന്നുണ്ട്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ നിർദേശപ്രകാരം ദുരിതാശ്വാസ എയർ ബ്രിഡ്ജും ആരംഭിച്ചു. ആരോഗ്യ, വിദേശ, സാമൂഹിക മന്ത്രാലയങ്ങളുടെ പങ്കാളിത്തവും സഹായകൈമാറ്റത്തിലുണ്ട്. പ്രതിരോധ മന്ത്രാലയവും കുവൈത്ത് വ്യോമസേനയും വലിയ പങ്കുവഹിക്കുന്നു. കെ.ആർ.സി.എസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയും സഹായം എത്തിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

