പ്രചാരണ ടെന്‍റുകള്‍ക്ക് കടുത്ത നിബന്ധനകള്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളുടെ പ്രചാരണ ടെന്‍റുകളുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി നിബന്ധനകള്‍ പുറപ്പെടുവിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യവസ്ഥകള്‍ പുറത്തിറക്കിയത്.
ഇതനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് രണ്ട് പ്രചാരണ ടെന്‍റുകള്‍ സ്ഥാപിക്കാന്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഇതില്‍ ഒന്ന് പുരുഷ വോട്ടര്‍മാര്‍ക്കും രണ്ടാമത്തേത് സ്ത്രീകള്‍ക്കുംവേണ്ടി നിജപ്പെടുത്തണം. ടെന്‍റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള തരത്തില്‍ വിശാലമായ മുറ്റം ഉണ്ടായിരിക്കണം. സ്കൂളുകളില്‍നിന്ന് 500 മീറ്റര്‍ അകലം പാലിച്ച് മാത്രമേ ടെന്‍റുകള്‍ നിര്‍മിക്കാവൂ.
സ്വകാര്യ ഉടമസ്ഥതയിലുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് സമീപം ടെന്‍റുകള്‍ പണിയാന്‍ അനുമതിയുണ്ടാകുമെങ്കിലും ഉടമസ്ഥന്‍െറ നിയമപരമായ അനുമതി മുന്‍കൂട്ടി വാങ്ങണം. സ്ഥാപിക്കുന്ന ഓരോ പ്രചാരണ ടെന്‍റിനും ബന്ധപ്പെട്ട മുനിസിപ്പല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 500 ദീനാര്‍ വീതം കെട്ടിവെക്കണം. മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വീടിന് സമീപമാണ് ടെന്‍റുകള്‍ പണിയുന്നതെങ്കില്‍ അയല്‍വാസികളുടെ സമ്മതം വാങ്ങിയിരിക്കുക, മറ്റു സ്ഥാനാര്‍ഥികളുടെ ടെന്‍റുകളുമായി 200 മീറ്റര്‍ അകലം ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് മാത്രമേ പ്രചാരണ ടെന്‍റുകള്‍ക്ക് അനുമതി നല്‍കൂവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അതിനിടെ, വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പ്രചാരണ ടെന്‍റുകള്‍ക്കുള്ള അനുമതി തേടി മുനിസിപ്പാലിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 13ഉം ഫര്‍വാനിയ, ജഹ്റ എന്നീ ഗവര്‍ണറേറ്റുകളില്‍നിന്ന് ഓരോ അപേക്ഷയുമാണ് കഴിഞ്ഞദിവസം ലഭിച്ചത്. അഹ്മദി (എട്ട്), മുബാറക് അല്‍ കബീര്‍ ( നാല്) അപേക്ഷകളാണ് ഇതുവരെ മുനിസിപ്പല്‍ വകുപ്പിന് ലഭിച്ചത്. അനുമതി ലഭിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥികള്‍ പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ പാടില്ളെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.