ഹുർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ; കുവൈത്ത് എണ്ണ ഉൽപാദനം കുറച്ചു
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എണ്ണ ഉൽപാദനം വെട്ടികുറച്ചു കുവൈത്ത്. ഹുർമുസ് കടലിടുക്കിലെ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ ഉൽപാദനം കുറക്കാൻ നിർബന്ധിതരായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ് പറഞ്ഞു.
ജലപാത ‘ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ധമനി’യാണ്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഉൽപ്പാദനം വേഗത്തിൽ പുനരാരംഭിക്കാനാകുമെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ പൂർണ്ണമായ ഉൽപ്പാദനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന എനർജി കോൺഫറൻസിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ശൈഖ് നവാഫ്, കുവൈത്തിലെയും മേഖലയിലെയും എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചു. ഇത് ന്യായീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണി സ്ഥിരതയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
സാധാരണ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബദൽ പൈപ്പ്‌ലൈനുകളും തന്ത്രപരമായ കരുതൽ ശേഖരവും ‘സമുദ്രത്തിലെ ഒരു തുള്ളി’ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതയെ മാത്രമല്ല, അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുനതായും ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

