കുവൈത്തിൽ പത്തുലക്ഷം ഇന്ത്യക്കാർ; ജനസംഖ്യയിൽ രണ്ടാമത്
text_fieldsകുവൈത്ത് സിറ്റി: 2024 അവസാനത്തിലെ ജനസംഖ്യ കണക്ക് പുറത്തുവിട്ട് കുവൈത്ത് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി. 10,07,961 പേരുമായി ഇന്ത്യൻ സമൂഹം രണ്ടാമത്തെ വലിയ ജനസംഖ്യയാണ്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാർ 0.7 ശതമാനം കുറയുകയാണുണ്ടായത്. കുവൈത്തി ജനസംഖ്യ 1,567,983 ആണ്. കുവൈത്തികൾ 21,775 (1.3%) വർധിച്ചു. കുവൈത്തികളും ഇന്ത്യക്കാരും കഴിഞ്ഞാൽ കൂടുതലുള്ളത് ഈജിപ്ത് പൗരന്മാരും (657,280), ബംഗ്ലാദേശികളും (292,810), ഫിലിപ്പീനികളും (223,482), സിറിയക്കാരും (183,103) ആണ്. ഫിലിപ്പീനികൾ മുൻ വർഷത്തെ അപേക്ഷിച്ച് 11.8 ശതമാനം കുറയുകയാണുണ്ടായത്. ശ്രീലങ്കക്കാർ (170,251), സൗദി പൗരന്മാർ (142,760), നേപ്പാൾ പൗരന്മാർ (140,441), പാകിസ്താനികൾ (94,749) എന്നിവരാണ് പിന്നീട് കുവൈത്തിലെ ഏറ്റവും വലിയ ജനസംഖ്യ സമൂഹം.
സമീപ വർഷങ്ങളിൽ വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ കുറഞ്ഞുവരുന്നുണ്ട്. ഓരോ വർഷവും പുതുതായി എത്തുന്ന വിദേശികൾ ജനസംഖ്യ സന്തുലനത്തെ ബാധിക്കുന്നതായി മുറവിളി ഉയർന്നതോടെയാണ് അധികൃതർ വിസ നിയന്ത്രണം ഏർപ്പെടുത്തിയത്. 2024 ഡിസംബർ അവസാനത്തിലെ കണക്കനുസരിച്ച് 49,87,826 ആണ് രാജ്യത്തെ മൊത്തം ജനസംഖ്യ. ആകെ ജനസംഖ്യയിൽ 69 ശതമാനം വിദേശികളാണ്. ഭൂവിസ്തൃതിയിൽ ലോകത്ത് 157ാം സ്ഥാനത്തുള്ള കുവൈത്ത് ജനസംഖ്യയിൽ 52ാമതാണ്. ജനസാന്ദ്രതയിൽ രാജ്യം ലോകത്ത് 37ാം സ്ഥാനത്താണ്. ശരാശരി ചതുരശ്ര കിലോമീറ്ററിൽ 237 പേർ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

