ജഹ്റയിൽ 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി; കനത്തചൂട് തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടും ഉയർന്ന താപനിലയും തുടരുന്നു. തിങ്കളാഴ്ച ജഹ്റയിൽ 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇത് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ്. റാബിയ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 51 ഡിഗ്രി സെൽഷ്യസ് താപനിലയും നുവൈസീബിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തി.
ഇന്ത്യൻ ദീർഘകാല ന്യൂനമർദ സംവിധാനത്തിന്റെ സ്വാധീനമാണ് ഉയർന്ന ചൂടിന് കാരണം. ഇത് മേഖലയിലുടനീളം വളരെ ചൂടുള്ള വായുപിണ്ഡം വ്യാപിപ്പിക്കുന്നു. ഉയർന്ന മർദ്ദം രാജ്യത്തെ തുടർന്നും ബാധിക്കുമെന്നും പകലും രാത്രിയും കനത്ത ചൂട് തുടരുമെന്നും ധരാർ അൽ അലി അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ മുതൽ നേരിയ വടക്കുപടിഞ്ഞാറൻ കാറ്റ് രൂപപ്പെട്ടു. ഇത് പലയിടത്തും അന്തരീക്ഷത്തിൽ പൊടിപടങ്ങൾ സൃഷ്ടിച്ചു. കാറ്റിന്റെയും പൊടിയുടെയും അളവ് വർധിക്കുന്നതിനാൽ അടുത്ത രണ്ടുദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. നിലവിൽ ഉള്ളതിൽനിന്ന് മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് സൂചന.
ആഗസ്റ്റ് അവസാനം വരെ രാജ്യത്ത് കനത്ത ചൂട് തുടരും. സെപ്റ്റംബർ പകുതിയോടെ താപനില കുറഞ്ഞുതുടങ്ങും. കനത്ത ചൂടിൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും, ചൂട് കൂടിയ സമയങ്ങളിൽ ദീർഘനേരം പുറത്തുനിൽക്കുന്നത് ഒഴിവാക്കാനും അധികൃതർ ഉണർത്തി. പൊടി, അലർജി എന്നിവക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

