താപനില ഉയരുന്നു; ഉപഭോഗം കുറക്കാൻ നിർദേശിച്ച് വൈദ്യുതി മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ പൊതുജനങ്ങളോട് നിർദേശിച്ച് വൈദ്യുതി മന്ത്രാലയം. പീക്ക് സമയങ്ങളിൽ 10 ശതമാനം ഉപഭോക്താക്കളെങ്കിലും വൈദ്യുതി ഉപയോഗം കുറച്ചാൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കുകൾ ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 17,640 മെഗാവാട്ടാണ്.
എയർ കണ്ടീഷൻ 24 ഡിഗ്രിയിലേക്ക് ക്രമീകരിക്കാനും അനാവശ്യ ഉപകരണങ്ങൾ ഓഫ് ചെയ്യാനും മന്ത്രാലയം നിർദേശിച്ചു. ഇത്തരം ലളിതമായ നടപടികൾ സ്വീകരിച്ചാൽ വലിയ തോതിൽ വൈദ്യുതി ലാഭിക്കാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. വിതരണ സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതായും വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട എല്ലാ നടപടികളും തുടരുമെന്നതും മന്ത്രാലയം ഉറപ്പു നൽകി.
താപനില ഉയരുന്നതോടെ രാജ്യത്ത് വൈദ്യുതി ഉപയോഗത്തിലും വർധനവ് രേഖപ്പെടുത്തുന്നത് പതിവാണ്. കനത്ത ചൂടിൽനിന്ന് രക്ഷനേടാൻ ഫാൻ, എ.സി എന്നിവയുടെ ഉപയോഗം വർധിക്കുന്നതാണ് ഇതിന് കാരണം. ഉപഭോഗം വർധിച്ചതോടെ വൈദ്യുതി വിതരണ പ്രതിസന്ധി രൂപപ്പെട്ടതിനാൽ കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി പവർകട്ട് നടപ്പിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

