ഇന്നുമുതൽ മുതൽ ടാക്സിയിൽ മൂന്നു യാത്രക്കാരാകാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച മുതൽ ടാക്സികളിൽ മൂന്ന് യാത്രക്കാരെ അനുവദിക്കും. ടാക്സി കമ്പനികളും ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്ന നിബന്ധനയോടെയാണ് ജൂലൈ 28 മുതൽ നിയന്ത്രണങ്ങളോടെ ടാക്സി ഒാട്ടത്തിന് അനുമതി ലഭിക്കുന്നത്.
സർവിസ് പുനരാരംഭിച്ചെങ്കിലും വേണ്ടത്ര യാത്രക്കാരെ കിട്ടാതെ ടാക്സികൾ പ്രയാസത്തിലായിരുന്നു. ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാലുമുതൽ അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ടു ദീനാർ വരെ വരുന്ന വാടക കമ്പനിക്ക് നൽകുകയും കാർ അറ്റകുറ്റപ്പണി സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്. ഒാട്ടം നിലച്ച സമയത്ത് കമ്പനികൾക്ക് വാടക നൽകിയിരുന്നില്ല.
ഒാട്ടം പുനരാരംഭിച്ചതുമുതൽ കമ്പനിക്ക് വാടക നൽകേണ്ടി വരുകയും എന്നാൽ, അതനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരുകയും ചെയ്യുന്നു.ഒാട്ടമില്ലാത്തതിനാൽ ചില ഡ്രൈവർമാർ കമ്പനിക്ക് മേൽവാടക നൽകുന്നതിൽ ഒഴികഴിവ് പറയുന്നതാണ് കമ്പനികളെ സർക്കാറിന് നിവേദനം സമർപ്പിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞമാസങ്ങളിൽ ടാക്സി സർവിസ് നിർത്തിവെച്ചിരുന്നത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാക്സി തൊഴിലാളികളും പ്രയാസം അനുഭവിച്ചു.

