നികുതി സംവിധാനം: ധനമന്ത്രാലയം വിദേശ വിദഗ്ധരുടെ സഹായം തേടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മികച്ച നികുതി സംവിധാനം സാധ്യമാക്കാൻ വിദേശ വിദഗ്ധരുടെ സഹായം തേടുമെന്ന് ധനമന്ത്രാലയം. ഇൻറഗ്രേറ്റഡ് ടാക്സ് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കുന്നതിന് കുവൈത്തിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകാനാണ് വിദഗ്ധ സഹായം തേടുന്നത്.നികുതി കണക്കുകൂട്ടുന്നതിനും സമാഹരണത്തിനും ഫലപ്രദമായ ഇലക്ട്രോണിക് സംവിധാനം രൂപപ്പെടുത്തുന്നതിലൂടെ മാനുഷികമായ അനധികൃത ഇടപെടൽ തടയാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നികുതി കൈകാര്യം ചെയ്യുന്നതിന് സമഗ്ര കേന്ദ്ര സംവിധാനം രൂപപ്പെടുത്തൽ, നികുതിദായകരുടെ രജിസ്ട്രേഷനും വിവരങ്ങൾ ചേർക്കലും, ഏകീകൃത ടാക്സ് നമ്പർ നൽകൽ, ടാക്സ് കാർഡും സർട്ടിഫിക്കറ്റും നൽകൽ, നികുതി വെട്ടിപ്പ് തടയൽ തുടങ്ങി നിരവധി ലക്ഷ്യങ്ങൾ സാധ്യമാക്കുന്ന സമഗ്ര സംവിധാനം രൂപപ്പെടുത്താനാണ് ധനമന്ത്രാലയം ശ്രമിക്കുന്നത്. എം.പിമാരിൽനിന്നുൾപ്പെടെ വിവിധതലങ്ങളിൽനിന്ന് എതിർപ്പുയർന്നതും അക്കൗണ്ടിങ് മേഖല വേണ്ടത്ര വികസിക്കാത്തതും കാരണം കുവൈത്തിന് ഇനിയും മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കാനായിട്ടില്ല.
വാറ്റ് നടപ്പാക്കുന്നത് കുവൈത്ത് സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രതിഫലനവും നടപ്പാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ചും പഠനം നടത്തിയതിനുശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻതന്നെയാണ് കുവൈത്ത് സർക്കാർ നീക്കമെന്നാണ് സൂചന.കുവൈത്തിൽ മൂല്യവർധിത നികുതിയും തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ്രത്യേക നികുതിയും ഏർപ്പെടുത്തുന്നതോടെ ഇൗ മേഖലയിൽ പുതുതായി 42,000 വിദേശികൾക്കെങ്കിലും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
നികുതി സമ്പ്രദായം ഏർപ്പെടുത്തുേമ്പാൾ തദ്ദേശീയ വിപണിയിലെ 30 ശതമാനം കമ്പനികളെങ്കിലും പ്രഫഷനലുകളെ നിയമിക്കേണ്ടി വരും. മൂല്യവർധിത നികുതി സമ്പ്രദായംതന്നെ നടപ്പാക്കണമെന്ന് കുവൈത്തിന് മേൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദമുണ്ട്.നികുതി പരിഷ്കാരവുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര നാണയനിധിയും കുവൈത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വരുമാന സ്രോതസ്സ് എന്ന നിലയിലാണ് വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

