അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി; സർക്കാർ പിന്മാറ്റം പ്രവാസി പ്രതിഷേധങ്ങളെ തുടർന്ന്
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും പ്രവാസികളുടെ വീടുകൾക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറിയത് പ്രവാസികൾ അടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്.
ബജറ്റിൽ ഈ കാര്യം അവതരിപ്പിച്ചതിനു പിറകെ പ്രവാസികൾ ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ നടപടിയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് മലയാളിയും പ്രവാസി വ്യവസായിയുമായ കെ.ജി. എബ്രഹാം നടത്തിയത്.
അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്തുന്നത് സർക്കാറിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടുചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും കെ.ജി. എബ്രഹാം വ്യക്തമാക്കുകയുണ്ടായി. പ്രവാസികളെ വിഡ്ഢികളാക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു എല്ലാവരും.
പ്രവാസികളുടെ പണം കേരളത്തിൽ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കും? എന്നിട്ടും ഇവർ ഒരു വീട് വെച്ചുപോയെങ്കിൽ, അത് അടച്ചിടുന്നെങ്കിൽ അതിന് അധിക നികുതി ഏർപ്പെടുത്തുന്നു. ഇത് അഹങ്കാരമാണ്. ഗൾഫുകാരെയല്ലാതെ ആരെയും ഇങ്ങനെ ചൂഷണം ചെയ്യാനാകില്ലെന്നും എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാം പറയുകയുണ്ടായി.
ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കിൽ കേരളം വിടണം. രാഷ്ട്രീയക്കാർക്ക് ഇനി സംഭാവന നൽകില്ലെന്നും കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു. പ്രവാസലോകത്തും വ്യവസായ-രാഷ്ട്രീയ വേദികളിലും ഈ പ്രതികരണങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിനു പിറകെ നിരവധി പേർ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തി.
പ്രവാസികൾ സമ്പാദ്യം എന്ന നിലയിലും വരുമ്പോൾ താമസിക്കാനുമായാണ് നാട്ടിൽ വീടുകൾ നിർമിക്കുന്നത്. പല സാഹചര്യങ്ങളാലും കുടുംബത്തെ കൂടെ കൂട്ടേണ്ടിവരുമ്പോൾ അവർക്ക് നാട്ടിലെ വീടുകൾ അടച്ചിടേണ്ടിവരുന്നു. എന്നാൽ, ഇതിനെയും ചൂഷണം ചെയ്യുക എന്നതായിരുന്നു സർക്കാർ തീരുമാനമെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടി.
നാട്ടിൽ നിൽക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, സാഹചര്യങ്ങൾ മൂലമാണ് പ്രവാസികൾ വിദേശങ്ങളിൽ കഴിയുന്നതെന്ന് അധികാരികൾ മനസ്സിലാക്കണമെന്നും സംഘടനകൾ പറഞ്ഞു. ഏതായാലും, ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ.
ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്താൻ ഫെബ്രുവരി മൂന്നിന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി നിർദേശം വെച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

