തറാവീഹ്: പള്ളികളിൽ അനുമതി പുരുഷന്മാർക്ക് മാത്രം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ പള്ളികളിൽ റമദാനിലെ തറാവീഹ് നമസ്കാരത്തിന് അനുമതി. അതേസമയം പുരുഷന്മാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒന്നിടവിട്ട സ്ഥലം ഒഴിച്ചിട്ടാണ് നമസ്കാരം നടക്കുന്നത്. ജുമുഅക്ക് ആളുകൾ റോഡിൽ നമസ്കരിക്കുന്ന സ്ഥിതിയാണ്. രാത്രി നമസ്കാരത്തിന് ഇതിന് പരിമിതിയുള്ളതിനാൽ സ്ത്രീകളുടെ നമസ്കാര ഹാൾ താൽക്കാലികമായി പുരുഷന്മാർക്കായി തുറന്നിടുകയാണെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളികളിലും കർശനമായ കോവിഡ് സുരക്ഷ നടപടികൾ സ്വീകരിക്കും. കോവിഡ് പ്രോേട്ടാകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ സന്ദർശനമുണ്ടാകും.
പള്ളികളിൽ ആരോഗ്യസുരക്ഷ മുൻകരുതലുകൾ പൂർത്തീകരിച്ചതായും റമദാൻ മാസത്തെ വരവേൽക്കാൻ രാജ്യം തയാറായതായും ഒൗഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദി പറഞ്ഞു.
ഇപ്പോഴത്തെ പരിമിതമായ സാഹചര്യം ഉൾക്കൊണ്ട് സ്ത്രീകളും കുട്ടികളും വീട്ടിൽ നമസ്കരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് തറാവീഹ് നമസ്കാരത്തിനും ഖിയാമുല്ലൈൽ നമസ്കാരത്തിനും മസ്ജിദുൽ കബീർ തുറക്കുമെന്നും പ്രമുഖ പണ്ഡിതർ പ്രാർഥനക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏപ്രിൽ 22 വരെ രാജ്യത്ത് രാത്രികാല കർഫ്യൂ നിലനിൽക്കുന്നു. അതിനുശേഷം നീട്ടാനും സാധ്യതയുണ്ട്. എന്നാൽ, സ്വന്തം താമസസ്ഥലത്തിന് അടുത്തുള്ള പള്ളിയിലേക്ക് നിശ്ചിത സമയത്ത് നടന്നുപോകാൻ പ്രത്യേക അനുമതി നൽകും. കഴിഞ്ഞ റമദാനിൽ പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

