ഖുർആനെ ഹൃദയത്തിൽ ഏറ്റുവാങ്ങുക -ബഷീർ മുഹ്യിദ്ദീൻ
text_fieldsകെ.ഐ.ജി ഖുർആൻ സമ്മേളനത്തിൽ ബഷീർ മുഹ്യിദ്ദീൻ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഖുർആൻ സാരാംശങ്ങളും അധ്യാപനങ്ങളും ഹൃദയത്തിൽ ഏറ്റുവാങ്ങാൻ തയാറാകുമ്പോഴാണ് ഖുർആൻ വിളക്കും വെളിച്ചവുമാകുന്നതെന്ന് പണ്ഡിതൻ ബഷീർ മുഹ്യിദ്ദീൻ. ഗോൾഡൻ ജൂബിലി ഭാഗമായി കേരള ഇസ്ലാമിക് ഗ്രൂപ്(കെ.ഐ.ജി) കുവൈത്ത് സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ‘ഖുർആൻ വിളക്കും വെളിച്ചവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനോഘടനയിൽ മാറ്റം വരുത്താതെ ഖുർആൻ അനുഭവിക്കാൻ കഴിയില്ല. കാതിലും നാവിലും ഒതുങ്ങിനിൽക്കാതെ അത് ഹൃദയങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലണം. ജീവിതത്തിന് വഴികാണിക്കുന്ന തലത്തിലേക്ക് ഖുർആൻ അധ്യാപനങ്ങൾ ഉയർന്നുവരുമ്പോൾ മാത്രമാണ് ഖുർആൻ പഠനം സമ്പൂർണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുൽ കബീർ റോയൽ ടെന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ വറത്തിൽ അന്നജാത്തുൽ ഖൈരിയ്യ മാനേജർ ശൈഖ് മുസ്തഫ പ്രഭാഷണം നടത്തി. ഫലസ്തീൻ ഐക്യദാർഢ്യ സെഷനിൽ ‘ചോരയിൽ കുതിർന്ന ഫലസ്തീൻ’ എന്ന വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി.
ഖുർആൻ സമ്മേളന സദസ്സ്
നിരപരാധികളുടെ ചോര ചിന്തി അന്യായത്തിലൂടെയും അതിക്രമത്തിലൂടെയും കെട്ടിപ്പൊക്കിയ ഇസ്രയേലിന്റെ അന്ത്യം വൈകാതെ സംഭവിക്കുമെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ഓർഗനൈസേഷൻ പ്രസിഡന്റ് ത്വാലിബ് മുസല്ലം ഫലസ്തീനെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും സംസാരിച്ചു. എം.കെ. ഗഫൂർ ഫലസ്തീൻ കവിത ആലപിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, ട്രഷറർ എൻ.പി. അബ്ദുൽ റസാഖ്, അൻവർ സഈദ്, ഡോ. അമീർ അഹ്മദ്, ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ്, ജനറൽ സെക്രട്ടറി ദൗലത്ത് ഇഖ്ബാൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് മെഹ്നാസ് മുസ്തഫ, ജനറൽ സെക്രട്ടറി സിജിൽ ഖാൻ എന്നിവരും വിവിധ ഘടനാ നേതാക്കളും പങ്കെടുത്തു. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും, കൺവീനർ നിയാസ് ഇസ്ലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

