ടി 20 ലോകകപ്പ്: കുവൈത്തിന് ഏഷ്യ റീജനൽ യോഗ്യത
text_fieldsകുവൈത്ത് ക്രിക്കറ്റ് ടീം
കുവൈത്ത് സിറ്റി: അടുത്ത ഐ.സി.സി പുരുഷ ടി20 ലോകകപ്പിൽ പ്രതീക്ഷയർപ്പിച്ച് കുവൈത്ത്. വെസ്റ്റിൻഡീസിലും യു.എസിലുമായി 2024ൽ നടക്കുന്ന ടൂർണമെന്റിന്റെ ഏഷ്യൻ യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് കുവൈത്ത് യോഗ്യത നേടി.
നേപ്പാളിൽ നടന്ന ഏഷ്യൻ സബ് റീജനൽ യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനമാണ് കുവൈത്തിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചത്. മാലദ്വീപ്, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സബ് റീജനൽ ഗ്രൂപ്പിൽ എല്ലാ കളികളും കുവൈത്ത് വിജയിച്ചു. വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ 20 ഓവറിൽ 173 റൺസ് എടുത്ത സൗദി അറേബ്യയെ 10 പന്തും നാലു വിക്കറ്റും കൈയിലിരിക്കെയാണ് കുവൈത്ത് മറികടന്നത്. മറ്റു മത്സരങ്ങളിൽ മാലദ്വീപിനും ഖത്തറിനുമെതിരെ ഏകപക്ഷീയ വിജയങ്ങളും കുവൈത്തിന് നേടാനായി.
ഇതോടെ നവംബറിൽ നേപ്പാളിൽ നടക്കുന്ന റീജനൽ ഫൈനലിൽ കുവൈത്ത് ഇടംനേടി. ബഹ്റൈൻ, നേപ്പാൾ, സിംഗപ്പൂർ എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടി ഒന്നാം സ്ഥാനത്തെത്തുന്ന ടീമാകും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക. വരുംമത്സരങ്ങളിലും ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.
20 രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ലോകകപ്പിൽ കഴിഞ്ഞ ടൂർണമെന്റിലെ മികച്ച എട്ടു ടീമുകൾ, ആതിഥേയരായ വെസ്റ്റിൻഡീസ്, യു.എസ് എന്നിവരും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ടി20 റാങ്കിങ് പ്രകാരം രണ്ടു ടീമുകളും സ്ഥാനം ഉറപ്പിച്ചു.
ബാക്കി എട്ടു ടീമുകളെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഈസ്റ്റ് ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽനിന്നുള്ള യോഗ്യത മത്സരങ്ങൾ വഴി തെരഞ്ഞെടുക്കും. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നായി രണ്ടു വീതം ആറു ടീമുകളും അമേരിക്ക, ഈസ്റ്റ് ഏഷ്യ-പസഫിക് ഗ്രൂപ്പുകളിൽനിന്ന് ഓരോ ടീമും യോഗ്യതമത്സരങ്ങൾ വഴി ടൂർണമെന്റിന്റെ ഭാഗമാകും.
വിജയം തുടരാനാകുമെന്നും ലോകകപ്പ് എന്ന സ്വപ്നനേട്ടത്തിലേക്ക് തങ്ങൾ പ്രവേശിക്കുമെന്നും കുവൈത്ത് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മലയാളിയുമായ ഷിറാസ് ഖാൻ പറഞ്ഞു. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവർ കുവൈത്ത് ടീമിലുണ്ട്. കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗവും മലയാളിയുമായ നവീൻ ഡി. ധനജ്ഞയനയും ടീമിനെ അനുഗമിച്ചിരുന്നു. ടീം അസിസ്റ്റന്റ് മാനേജരാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

