സിറിയൻ അഭയാർഥികൾക്ക് സഹായ വിതരണം: പങ്കാളിയായി സ്പീക്കറും
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തെ തുടർന്ന് നാടുവിട്ട് അഭയാർഥികളായി മാറിയ സിറി യക്കാർക്ക് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമിെൻറ നേതൃത്വത്തിൽ സഹായ വിതരണം. ജോർഡനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന സിറിയൻ കുടുംബങ്ങൾക്കാണ് ഭക്ഷണവും മരുന്നും പുതപ്പുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എത്തിച്ചുനൽകിയത്. റെഡ്ക്രസൻറ് സൊസൈറ്റി ജനറൽ സെക്രട്ടറി മഹ അൽ ബർജസ്, ജോർഡനിലെ കുവൈത്ത് അംബാസഡർ അസീസ് അൽ ദൈഹാനി എന്നിവരുൾപ്പെട്ട സംഘത്തോടൊപ്പമാണ് സ്പീക്കറും ദൗത്യത്തിൽ പങ്കാളിയായത്.
തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ സ്പീക്കർ ചോദിച്ചറിഞ്ഞു. ഔദ്യോഗിക സംഘാംഗങ്ങളായി സ്പീക്കറെ അനുഗമിക്കുന്ന റാകാൻ അൽ നിസ്ഫ്, ഡോ. ഔദ അൽ റൂയി, മുഹമ്മദ് അൽ ദല്ലാൽ, അൽ ഹുമൈദി അൽ സുബൈഇ, അലി അൽ ദഖ്ബാസി, ഡോ. ഖലീൽ അബ്ദുല്ല അബൽ, അല്ലാം അൽ കന്ദരി എന്നീ എം.പിമാരും സഹായ വിതരണത്തിൽ പങ്കാളിയായി. അടുത്ത ദിവസങ്ങളിൽ ലബനാൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ സിറിയൻ അഭയാർഥി ക്യാമ്പുകളും സന്ദർശിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടക്കുന്ന അറബ് പാർലമെൻറ് യൂനിയൻ 29ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മർസൂഖ് അൽ ഗാനിമും സംഘവും എത്തിയത്.
