സ്വകാര്യ മേഖല ചില ജോലികൾ സ്വദേശികൾക്ക് സംവരണം ചെയ്യണമെന്ന് നിർദേശം
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ചില തസ്തികകൾ സ്വദേശികൾക്കായി സംവരണം ചെയ്യണമെന്ന് നിർദേശം. പാർലമെൻറിെൻറ സ്വദേശിവത്കരണ സമിതിയാണ് നിർദേശം മുന്നോട്ടുവെച്ചത്. അഡ്മിനിസ്ട്രേറ്റിവ്, ഹ്യൂമൻ റിസോഴ്സ്, പൊതുജന സമ്പർക്കം, റിസപ്ഷൻ തുടങ്ങിയ ജോലികൾ സ്വദേശികളിൽ പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അഞ്ചുവർഷത്തിനകം നടപ്പാക്കണമെന്നാണ് ആവശ്യം. നിർദേശം ഒക്ടോബർ 30ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ ചർച്ചക്കായി വെക്കും. ആകർഷക ആനുകൂല്യങ്ങൾ നൽകിയാൽ സ്വകാര്യ മേഖലയിലെ ഇത്തരം തസ്തികകളിൽ ജോലിചെയ്യാൻ സ്വദേശികൾ തയാറാവും.
അതിനാവശ്യമായ പരിശീലനം ഘട്ടംഘട്ടമായി നൽകിയാൽ മതി. സൗദിയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തിയ സ്വകാര്യ മേഖലയിൽ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വദേശികൾ ജോലി ചെയ്യില്ലെന്ന മുൻവിധിയിൽ അർഥമില്ലെന്നും ജോലി ചെയ്യുന്നുെണ്ടന്ന് ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്നമുണ്ടാവില്ലെന്നും സമിതി അംഗമായ മുഹമ്മദ് ദലാൽ എം.പി പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ജാബിർ ആശുപത്രി, പുതിയ ജഹ്റ ആശുപത്രി, പുതിയ വിമാനത്താവളം തുടങ്ങിയ പദ്ധതികളിൽ കൂടുതൽ വിദേശികളെ കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അടുത്തവർഷം പൊതുമേഖലയിലേക്ക് 90,000 വിദേശികളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് അനാവശ്യമാണ്. പൊതുമേഖലയിലേക്ക് ആവശ്യത്തിലധികം വിദേശികളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അധികൃതർ മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
