പൊതുഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സുപ്രീം ട്രാഫിക് കൗൺസിൽ
text_fieldsആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം ട്രാഫിക് കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സുപ്രീം ട്രാഫിക് കൗൺസിൽ. ട്രാഫിക് കൗൺസിലിന്റെ യോഗത്തിൽ ഇതിനായുള്ള നിർദേശങ്ങളും ശിപാർശകളും വിലയിരുത്തി.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫ് അധ്യക്ഷത വഹിച്ചു. സുപ്രീം ട്രാഫിക് കൗൺസിൽ സെക്രട്ടറിയും പബ്ലിക് ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ സാലിം അൽ അജ്മി വിഷയം അവതരിപ്പിച്ചു.
രാജ്യത്തെ പൊതുഗതാഗത സേവനങ്ങളിലെ വെല്ലുവിളികളെയും പോരായ്മകളെയും കുറിച്ചുള്ള കമ്മിറ്റിയുടെ കണ്ടെത്തലുകൾ അദ്ദേഹം വിവരിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും ശിപാർശകളും വ്യക്തമാക്കി.
ഗതാഗത മേഖല മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത നിർദേശങ്ങൾ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫ് വ്യക്തമാക്കി. ട്രാഫിക് മാനേജ്മെന്റുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിലെയും ഏജൻസികളിലെയും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

