സുപ്രീം കൗൺസിൽ യോഗം ചേർന്നു; സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ജി.സി.സി
text_fieldsജി.സി.സി സുപ്രീം കൗൺസിൽ യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ഖത്തർ ആക്രമണ പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര യോഗം വിളിച്ചുചേർക്കാൻ സംയുക്ത പ്രതിരോധ കൗൺസിലിന് നിർദേശം നൽകി ജി.സി.സി സുപ്രീം കൗൺസിൽ അസാധാരണ യോഗം. അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്കുശേഷം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിലാണ് സുപ്രീം കൗൺസിൽ ചേർന്നത്.
സംയുക്ത പ്രതിരോധ കൗൺസിലിന് മുന്നോടിയായി ഉന്നത സൈനികസമിതിയുടെ യോഗവും ചേരും. ഖത്തറിനുനേരെയുണ്ടായ അംഗരാജ്യങ്ങളുടെ പ്രതിരോധ നിലപാടുകളും ഭീഷണികളും വിലയിരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംയുക്ത സൈനിക കമാൻഡിനും നിർദേശം നൽകി. ആക്രമണത്തിനെതിരെ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രാഷ്ട്രങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും അതിലൊരു രാഷ്ട്രത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും കൗൺസിൽ ഊന്നിപ്പറഞ്ഞു.
ഇസ്രായേൽ ആക്രമണം വെടിനിർത്തൽ കരാറിനെയും ബന്ദികളെയും തടവുകാരെയും വിട്ടയക്കുന്നതിനും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ഖത്തർ നടത്തുന്ന പരിശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. മേഖലയിലെ നിരവധി രാജ്യങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് ഗുരുതരമായ തടസ്സമുണ്ടാക്കുന്നുവെന്നും കൗൺസിൽ അടിവരയിട്ടു.
ഇസ്രായേലിന്റെ ആക്രമണം തടയുന്നതിനും അന്താരാഷ്ട്ര നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും സുപ്രീം കൗൺസിൽ ആവശ്യപ്പെട്ടു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ് യാൻ, ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഒമാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ മന്ത്രിയുമായ ഷിഹാബ് ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

