വെന്തുരുകി രാജ്യം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നും താപനില വര്‍ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മണിക്കൂറിൽ 10 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും അദ്ദേഹം പറഞ്ഞു.
തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ് അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന പരമാവധി താപനില. രാത്രി പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 29 മുതല്‍ 31 ഡിഗ്രി സെൽഷ്യസ് വരെയാണ്. വെള്ളിയാഴ്ച കൂടിയ താപനില 46 മുതൽ 47 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. കുറഞ്ഞ താപനില 31 ആയിരിക്കും. ശനിയാഴ്ചയും ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 45നും 47നും ഇടയിൽ എത്തും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ്.
കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ മാറുമെന്നും, നേരിയതോ മിതമായതോ ആയ ദിശയിലായിരിക്കുമെന്നും അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ശനിയാഴ്ച രാത്രിയിലും ചൂടുള്ള കാലാവസ്ഥ നിലനിൽക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സാധാരണ രാജ്യത്ത് കഠിന ചൂട് അനുഭവപ്പെടാറുള്ളത്. കഠിന ചൂട് കണക്കിലെടുത്ത് ഈ മാസം ഒന്നു മുതൽ പുറം പണികൾക്ക് രാവിലെ 11 മുതൽ വൈകീട്ടു നാലുവരെ ഇളവ് നൽകിയിട്ടുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.

