താപനിലയിൽ വർധന രാജ്യം വേനലിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഈ ആഴ്ചയോടെ രാജ്യത്ത് താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നും പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമാകുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച ചൂട് ക്രമേണ കൂടുതലായിരിക്കുമെന്നും നേരിയ തോതിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. പകൽ താപനില 39 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും.
കടലിൽ ഒന്നു മുതൽ നാല് അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാം. ശനിയാഴ്ച രാത്രിയിൽ കാലാവസ്ഥ മിതമായിരിക്കും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ്. മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. വ്യാഴാഴ്ച കാലാവസ്ഥ പകൽ ചൂടുള്ളതായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ താപനില 40 ഡിഗ്രിയിലേക്ക് ഉയരും. 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന രാജ്യത്തെ താപനില ഈ ആഴ്ച 37-38 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തിപ്രാപിക്കും.
ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.

