ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു; ഹവല്ലിയില്‍ 1141 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി
text_fieldsപൊലീസ് സുരക്ഷാ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടന്ന പരിശോധനയിൽ 1141 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. 24 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
താമസനിയമം ലംഘിച്ച അഞ്ചു പേരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച മൂന്നു പേരെയും മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട ആറുപേരെയും പരിശോധനക്കിടെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പരിശോധനകൾ നടന്നത്.
വാഹനങ്ങളിൽ ഉള്ളവരെയും കാൽനടയാത്രക്കാരെയും രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പരിശോധകസംഘം കടത്തിവിട്ടത്. സിവിൽ ഐ.ഡി നോക്കി വ്യക്തികളുടെ പേരിൽ കേസുകളും മറ്റു പിഴകളും ഇല്ലെന്നും ഉറപ്പുവരുത്തി.
ക്രമസമാധാന നില ഉറപ്പാക്കൽ, റെസിഡൻസി നിയലംഘകരെ പിന്തുടരൽ, ലഹരി കടത്ത്, ട്രാഫിക് നിയമലംഘനം തടയൽ എന്നിവയുടെ ഭാഗമായാണ് പരിശോധന കാമ്പയിനുകള്‍ സജീവമാക്കുന്നത്. ദിവസങ്ങളായി രാജ്യത്ത് വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടന്നുവരികയാണ്.
സുരക്ഷാ ശ്രമങ്ങളെ പിന്തുണക്കാനും ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

