രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന; താമസ, തൊഴിൽ നിയമലംഘനത്തിന് നിരവധിപേർ പിടിയിൽ
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ മെഹ്ബൂല, സൽവ, റുമൈത്തിയ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. മെഹ്ബൂലയിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.ഇവിടെ വിവിധ നിയമലംഘനങ്ങളിൽ 263 പേർ പിടിയിലായി.
താമസ-തൊഴിൽ നിയമലംഘനത്തിന് 203 പേർ, അറസ്റ്റ് വാറന്റ് നിലവിലുള്ള 23 പേർ, അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ ആറു പേർ, അനാശാസ്യ കേസുകളിൽ 26 പേർ, ആൾമാറാട്ടം നടത്തിയ ഒരാൾ, സംശയിക്കപ്പെടുന്ന കേസുകളിൽ നാലുപേർ എന്നിങ്ങനെയും പിടിയിലായി.
ഗവർണറേറ്റ് അന്വേഷണ വകുപ്പുകൾ, ജനറൽ ഫയർ ഫോഴ്സ്, എമർജൻസി മെഡിക്കൽ സർവിസസ് എന്നിവയിൽ നിന്നുള്ള ഫീൽഡ് സെക്യൂരിറ്റി ടീമുകൾ പരിശോധനയിൽ പങ്കെടുത്തു. നിയമ ലംഘനങ്ങനങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി.
ഹവല്ലി ഗവർണറേറ്റിലെ സൽവ, റുമൈത്തിയ എന്നിവിടങ്ങളിൽ സുരക്ഷാ, ഗതാഗത പരിശോധനകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 524 ട്രാഫിക് ഫൈനുകൾ പുറപ്പെടുവിച്ചു. 15 വാഹനങ്ങൾ പിടിച്ചെടുത്തു.
മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് ഏഴ് പേരെയും, ലഹരി വസ്തുക്കൾ കഴിച്ച നിലയിലുള്ള അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമലംഘകരായ നിരവധി പേരെയും ജോലിസ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയവരെയും പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും തീവ്ര പരിശോധന തുടരുമെന്നും, പൊതുസുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാൻ നിയമലംഘകരെതിരായ നടപടി ശക്തമാക്കുമെന്നും ജനറൽ റെസ്ക്യൂ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

