ലഹരിക്കെതിരെ ശക്തമായ നടപടി; 10 കിലോ ലഹരിവസ്തുക്കൾ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു ഏഷ്യൻ പ്രവാസി അറസ്റ്റിലായി. ആറു കിലോ ഹെറോയിനും നാല് കിലോ മെത്താംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്. ഏകദേശം 200,000 ദീനാർ വിലമതിക്കുന്നതാണ് പിടികൂടിയ ഈ ലഹരി വസ്തുക്കൾ.
പ്രത്യേക സംഘങ്ങൾ നടത്തിയ ഈ ഓപറേഷനിലാണ് നടപടി. രാജ്യത്ത് മയക്കുമരുന്ന് കള്ളക്കടത്തും വിതരണവും നടത്തിവരികയായിരുന്നു പിടിയിലായ ആൾ. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിനിൽ മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും രാസവസ്തുക്കളും രഹസ്യമായി സജീകരിച്ച ലബോറട്ടറിയും അളവ് ഉപകരണവും കണ്ടെത്തി.
കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയപ്പോൾ, വിദേശത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടാളിയുടെ നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായി. കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരനായ ഇയാൾ നിലവിൽ അന്താരാഷ്ട്ര നിയമപാലകരുടെ നിരീക്ഷണത്തിലാണെന്നും അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്നും കണ്ടെത്തി.
കൂടുതൽ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ഉപകരണങ്ങളും നാർക്കോട്ടിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി. മയക്കുമരുന്ന് തുടച്ചുനീക്കുന്നതിനായി ജാഗ്രതയോടെയുള്ള നിരീക്ഷണവും സജീവമായ പരിശോധനയും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും സംരക്ഷിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

