കുവൈത്തിൽ ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കുന്നു; അമിത വേഗത, ഭിന്നശേഷിക്കാർക്കുള്ള സ്ഥലത്തെ പാർക്കിങ് എന്നിവക്ക് പിഴ നേരിട്ട് അടക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങൾ കര്‍ശനമാക്കുന്നു. അമിത വേഗതക്കും ഭിന്നശേഷിക്കാർക്കുള്ള സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗതപ്പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ ട്രാഫിക് വിഭാഗത്തിന്റെ ബന്ധപ്പെട്ട ഓഫിസുകള്‍ സന്ദര്‍ശിച്ച് ഗതാഗത പിഴകള്‍ തീര്‍പ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗത, റെഡ് ലൈറ്റ് ക്രോസിങ്ങുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇത്തരം നിയമലംഘനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ പിഴകള്‍ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ, അപകടങ്ങൾ കുറക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികളും ഗൾഫ് പൗരന്മാരും പിഴയടച്ചശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഈ നിയമം പ്രാവർത്തികമാക്കിയിട്ടുണ്ട്. ആദ്യദിവസം തന്നെ പിഴ ഒടുക്കാത്ത നിരവധി പേരുടെ യാത്ര തടസ്സപ്പെടുകയും ഉണ്ടായി. ഗതാഗത പിഴ അടക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ എണ്ണം വർധിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഗതാഗത പിഴ ചുമത്തപ്പെട്ട വാഹനങ്ങളും പിഴ ഒടുക്കാതെ അതിർത്തി വിട്ടുപോകാൻ അനുവദിക്കുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പാർലമെന്റംഗങ്ങൾ സ്വാഗതം ചെയ്തു. റോഡപകടങ്ങൾ കുറക്കൽ, റോഡിലെ തിരക്ക് ഒഴിവാക്കൽ എന്നിവയുടെ ഭാഗമായി അധികൃതർ വിവിധ പദ്ധതികൾ നടപ്പിലാക്കിവരുകയാണ്. അപകടം പെരുകുന്ന പശ്ചാത്തലത്തിൽ പൊലീസ് ഗതാഗത പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 2.4 ദശലക്ഷത്തിലധികം കാറുകൾ ഉണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

