ലഹരിക്കടത്തിനെതിരെ കർശന പരിശോധന തുടരും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കടത്തിനെതിരെ ശക്തമായ പരിശോധനകളും നടപടികളും തുടരുന്നു. വ്യാഴാഴ്ച ബോട്ടിൽ ഒളിപ്പിച്ച് കടൽവഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. സംഘത്തെ പിടികൂടുന്നതിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയുമുണ്ടായി. കടൽവഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന് സൂചന ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ട് തടയുകയായിരുന്നു.
ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ബോട്ടുകൾക്കുനേരെ വെടിവെപ്പുണ്ടായി. തുടർന്ന് കോസ്റ്റ്ഗാർഡ് തിരിച്ച് വെടിവെക്കുകയായിരുന്നു. ഇതിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ബോട്ടിൽ നടത്തിയ തിരച്ചിലിൽ 79 കിലോഗ്രാം ഹഷീഷും ഒരു കിലോഗ്രാം ഷാബുവും കണ്ടെത്തി. അതിനിടെ, സെൻട്രൽ ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഡ്രഗ് കൺട്രോൾ വിഭാഗവും അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്‌പെഷൽ ഫോഴ്‌സും സംയുക്തമായാണ് പരിശോധന നടത്തിയത്.
അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. ആഗസ്റ്റിൽ മാത്രം 500 കിലോചഗ്രാം മയക്കുമരുന്നാണ് വിവിധയിടങ്ങളിൽ നിന്നായി ഡ്രഗ് കൺട്രോൾ വിഭാഗവും കസ്റ്റംസും പിടികൂടിയത്. മയക്കുമരുന്ന് വിഷയത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ കന്ദരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം തിങ്കൾ മുതൽ വ്യാഴംവരെ പ്രത്യേക പ്രദർശനം ഒരുക്കുകയുമുണ്ടായി. വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ അവന്യൂസ് മാളിലാണ് 'ക്ലോസർ താൻ യു തിങ്ക്' എന്നപേരിൽ പ്രദർശനം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

