നിയമലംഘനങ്ങളിൽ കർശന നടപടി
text_fieldsകുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ വിപുലമായ സുരക്ഷാ പരിശോധന. ഒളിവിലായിരുന്ന 112 പേരെയും താമസ നിയമങ്ങൾ ലംഘിച്ച 48 പേരെയും പിടികൂടി. ലഹരിമരുന്ന്, ചൂതാട്ടം, വാണിജ്യ തട്ടിപ്പ്, അശ്രദ്ധമായ വാഹനമോടിക്കൽ തുടങ്ങിയ കേസുകളിലും അറസ്റ്റുകൾ നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 14 പേരെയും, ക്രിമിനൽ കേസുകളിൽ പ്രതികളായ 11 പേരെയും, സിവിൽ കേസുകളിൽ പ്രതികളായ ആറു പേരെയും, ലഹരിമരുന്ന് കൈവശം വെച്ചതിന് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, വിശ്വാസവഞ്ചന, വ്യക്തിപരമായ ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വെക്കൽ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണവിധേയരായ മൂന്നുപേരെയും, ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേരെയും പിടികൂടി.
കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുക്കേണ്ടിയിരുന്ന ഒമ്പത് വാഹനങ്ങൾ കണ്ടുകെട്ടി. പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് പരിസ്ഥിതി പൊലീസ് 19 കേസുകൾ രജിസ്റ്റർ ചെയ്തു. മുനിസിപ്പാലിറ്റി 198 വാഹനങ്ങൾ നീക്കം ചെയ്തു.
ലഹരിവസ്തുക്കളുമായി ആറ് പേർ പിടിയിൽ
ലഹരിവസ്തുക്കളും സൈക്കോട്രോപിക് പദാർത്ഥങ്ങളും കൈവശം വെച്ചതിന്, നാല് വ്യത്യസ്ത കേസുകളിലായി ആറ് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 410 ഗ്രാം 'ഷാബു', സിന്തറ്റിക് 'കെമിക്കൽ' ലായനിയിൽ മുക്കിയ 175 ഷീറ്റുകൾ, 60 ഗ്രാം ഹാഷിഷ്, ലഹരിമരുന്ന് വിറ്റുകിട്ടിയതെന്ന് സംശയിക്കുന്ന 540 ദീനാർ, രണ്ട് ത്രാസുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനും കടത്തുന്നതിനുമായാണ് ഇവർ ലഹരിമരുന്ന് കൈവശം വെച്ചിരുന്നത്.
റോഡിൽ അഭ്യാസം; വാഹനം നശിപ്പിച്ചു
പൊതുനിരത്തുകളിൽ അശ്രദ്ധമായി വാഹനം ഓടിക്കുകയും മത്സരയോട്ടം നടത്തുകയും ചെയ്ത അഞ്ച് ഡ്രൈവർമാരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നായിരുന്നു നടപടി. ഇവർക്കെതിരെ പിഴ ചുമത്തുകയും സെൻട്രൽ ജയിലിലേക്ക് അയക്കുകയും ചെയ്തു. ട്രാഫിക് നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടി അവ നശിപ്പിക്കുകയും ചെയ്തു.
ചൂതാട്ടം 13 പേർ പിടിയിൽ
ചൂതാട്ടവുമായി ബന്ധപ്പെട്ട് 13 ഏഷ്യൻ പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ഫർവാനിയയിൽ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ട് പലചരക്ക് കടകൾ കേന്ദ്രീകരിച്ചാണ് ഇവർ ചൂതാട്ടം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന സാധനസാമഗ്രികൾ, രേഖകൾ, പണം, വിൽപ്പനക്ക് തയ്യാറാക്കി ഒളിപ്പിച്ചുവെച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചൂതാട്ടത്തിന്റെ സൂത്രധാരനും പിടിയിലായി.

