ലഹരി ഇടപാടുകാർക്കെതിരെ കർശന നടപടി; കുവൈത്തിൽ മൂന്നു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ലഹരി ഇടപാടുകാർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. രണ്ടു സംഭവങ്ങളിലായി മൂന്നു പേർ പിടിയിലായി. കബ്‌ദിൽ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ നിർമിക്കുകയും കടത്തുകയും വില്പന നടത്തുകയും ചെയ്തയാളാണ് ആദ്യ സംഭവത്തിൽ പിടിയിലായത്.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് രണ്ട് കിലോ ഷാബുവും ലഹരിവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും, ലഹരി വിറ്റുകിട്ടിയ പണവും പിടിച്ചെടുത്തു.
രണ്ടാമത്തെ സംഭവത്തിൽ വാഹനത്തിന്റെ സ്പെയർ പാർട്സുകളിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. മുബാറക് അൽ കബീർ, സൽവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് നാല് കിലോ ഹെറോയിനും, 100 ഗ്രാം ക്രിസ്റ്റൽ മെത്തും പിടിച്ചെടുത്തു.
ലഹരിക്കെതിരെയും, ഇടപാടുകാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇടപാടുകാർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. രാജ്യത്തെ ജനങ്ങളെ അപകടത്തിലാക്കുന്ന പ്രവർത്തിയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

