വിദേശി പ്രവേശന വിലക്ക് നീളുന്നു; ആശങ്കയിൽ നിരവധി പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീളുന്നു. ഏപ്രിൽ എട്ടുവരെ നിലവിലുണ്ടായിരുന്ന കർഫ്യൂ 22വരെ നീട്ടിയതോടെ അതുവരെയെങ്കിലും വിദേശികളുടെ പ്രവേശന വിലക്ക് നീളുമെന്ന് ഉറപ്പാണ്. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികളുടെ പ്രവേശനവിലക്ക് തുടരുമെന്നാണ് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം പ്രഖ്യാപിച്ചത്. ജൂൺവരെയെങ്കിലും വിലക്ക് തുടരുമെന്ന സൂചനകൾ അനൗദ്യോഗികമായി ലഭിക്കുന്നുണ്ട്.
ഫെബ്രുവരി ഏഴു മുതലാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിനു മുമ്പുതന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. അന്ന് ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്. പെെട്ടന്ന് പൂർണമായ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതോടെ ഇടത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങി. ഇതിൽ ഭൂരിഭാഗവും നാട്ടിലേക്കുതന്നെ തിരിച്ചുപോയി. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പെെട്ടന്ന് കുവൈത്തിലേക്ക് എത്തേണ്ടതുള്ളവരും നിരവധിയാണ്.
നിരവധി പേരുടെ വിസ കാലാവധി കഴിഞ്ഞ് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. വൈകാതെ വിലക്ക് നീക്കും എന്ന പ്രതീക്ഷയിൽ ദുബൈയിൽ തങ്ങുന്നവർ നിരാശരായിട്ടുണ്ട്. ദുബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സന്നദ്ധ സംഘടനകൾ സഹായിക്കുന്നതാണ് ആശ്വാസം. ഭക്ഷണത്തിനും താമസത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
നാട്ടിൽ കുടുങ്ങിയവർക്ക് മാസങ്ങളായി വരുമാനം നിലച്ചിരിക്കുകയാണ്. ഉള്ള ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പോകാൻ തയാറാകുന്നില്ല. അവധിക്ക് നാട്ടിൽ പോയിട്ട് ദീർഘനാളായ നിരവധി പേരാണുള്ളത്. ഇവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. കമ്പനി നിർബന്ധിത അവധി നൽകുകയും നാട്ടിൽ പോകാൻ കഴിയാത്തതിനാൽ മുറിയിൽ കഴിച്ചുകൂട്ടുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

