വൈദ്യുതി-ജല സംരക്ഷണ ബോധവത്കരണം ശക്തിപ്പെടുത്തുന്നു
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതിയും ജലവും സംരക്ഷിക്കാനുള്ള ബോധവത്കരണം ശക്തിപ്പെടുത്താൻ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീമിന്റെ നേതൃത്വത്തിൽ ഇതിനായി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. കനത്ത വേനലും താപനില വർധനവും മുന്നിൽ കണ്ടാണ് തീരുമാനം.
കമ്മിറ്റിയുടെ അധ്യക്ഷനായി മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ആദേൽ അൽ സമെയെം ചുമതലയേറ്റു. വിവിധ മന്ത്രാലയങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കീഴിലുള്ള പ്രതിനിധികളും കമ്മിറ്റിയിൽ അംഗങ്ങളാകും.
വൈദ്യുതിയും ജലവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും പൊതു ഫണ്ടുകളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിലെ അതിന്റെ സ്വാധീനവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
വേനൽക്കാലമായ മേയ് മുതൽ സെപ്റ്റംബർ വരെ വിവിധ ബോധവത്കരണ പരിപാടികൾ കമ്മിറ്റി സംഘടിപ്പിക്കും. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ, സ്കൂളുകൾ, കോളജുകൾ, പൊതുസ്ഥാപനങ്ങൾ, അസോസിയേഷനുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഫാക്ടറികൾ, കാർഷിക മേഖല എന്നിവിടങ്ങളിൽ ഊർജ-ജല സംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ച് പ്രചാരണവും വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും.
രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയുള്ള ഉയർന്ന ഉപഭോഗ സമയത്ത് വൈദ്യുതി-ജല ഉപയോഗത്തിൽ പ്രത്യേക ശ്രദ്ധ നൽകാനും പാഴാക്കൽ ഒഴിവാക്കാനും അധികൃതർ ഉണർത്തി.
വൈദ്യുതി ഉപയോഗം ഉയർന്നു തുടങ്ങി
കുവൈത്ത് സിറ്റി: താപനില വർധിച്ച് തുടങ്ങിയതോടെ രാജ്യത്ത് വൈദ്യുതി ഉപയോഗവും ഉയർന്നു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില കാരണം പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പലയിടത്തും ഓറഞ്ച് സോണിലെത്തി. ചൊവ്വാഴ്ച പകൽ 37 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നതോടെ ഉയർന്ന വൈദ്യുതി ലോഡ് 11,545 മെഗാവാട്ടിലെത്തി. തിങ്കളാഴ്ചയിലെ ഉയർന്ന ലോഡായ 11,190 മെഗാവാട്ടിൽനിന്ന് 355 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായത്.
അതേസമയം, അറ്റകുറ്റപ്പണി പൂർത്തിയാക്കിയ 600 മെഗാവാട്ട് ശേഷിയുള്ള പുതിയ യൂനിറ്റുകൾ സജ്ജമാക്കിയതിനാൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചിട്ടും പവർകട്ടിലേക്ക് നീങ്ങിയിട്ടില്ല. ഈ മാസം ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റിയിൽനിന്ന് 600 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യുന്നുമുണ്ട്.
ബുധനാഴ്ച വൈദ്യുതി നിയന്ത്രണം
കുവൈത്ത് സിറ്റി: ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം. ഉച്ചയോടെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങി
. താപനില ഉയരുന്നതും വൈദ്യുതി ഉൽപാദന യൂനിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണിയുമാണ് നിയന്ത്രണത്തിന് കാരണമായത്. വരും ദിവസങ്ങളിൽ ഫർവാനിയ, അബ്ദുല്ല അൽ മുബാറക്, മഹ്ബൂല, ജലീബ് തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും.
വൈദ്യുതി ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര് പറഞ്ഞു. പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

