ബാലകഥാ പുസ്തകങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷമ്മി ജോണ്‍ ഇവിടെയുണ്ട്
text_fieldsകുവൈത്ത് സിറ്റി: വായനയെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്തവയാണ് ബാലകഥാപുസ്തകങ്ങള്‍.
അക്ഷരങ്ങള്‍ കൂട്ടിവായിച്ചു തുടങ്ങുന്ന കാലത്ത് വിജ്ഞാനത്തിന്‍െറ എത്രയെത്ര നുറുങ്ങുകളാണ് ബാല പ്രസിദ്ധീകരണങ്ങള്‍ കുട്ടികള്‍ക്ക് പകരുന്നത്. വായന ഒട്ടും വിരസമല്ലാത്തതാക്കാനും അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താനും ഇവയിലെ ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വായിച്ച വാക്കുകളേക്കാള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക കണ്ട ചിത്രങ്ങളാണ്. മായാവിയും ഡിങ്കനും പൂച്ചപ്പോലീസും ശിക്കാരി ശംഭുവും ഒക്കെ ക്ളാവ് പിടിക്കാത്ത ഓര്‍മയായി നമുടെയൊക്കെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. മലര്‍വാടി, ബാലരമ, ബാലമംഗളം, പൂമ്പാറ്റ, മുത്തശ്ശി തുടങ്ങി ഒട്ടധികം ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍.
കാലം കടന്നപ്പോള്‍ ചിലതൊക്കെ മണ്ണടിഞ്ഞു. ചിലത് പിടിച്ചുനിന്നു. ആനിമേഷന്‍ സീഡികളും വിഡിയോ ഗെയിമുകളും ഉണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും കഥാപുസ്തകങ്ങള്‍ പ്രിയപ്പെട്ടതുതന്നെ. അവയിലെ മനോഹര ചിത്രങ്ങളും അതിനടിയിലെ കൈയൊപ്പും മുതിര്‍ന്ന തലമുറക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബാലരമയുടെ താളുകളിലും കാണാം അതേ കൈയൊപ്പു ചാര്‍ത്തിയ വരകള്‍. ചിത്രങ്ങള്‍ക്കടിയിലെ കൈയൊപ്പിലേക്കൊന്നു സൂക്ഷിച്ചുനോക്കൂ. അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങുന്ന കുട്ടിക്കാലത്ത് നമ്മില്‍ പലര്‍ക്കും അത് വെറുമൊരു കോറിവരയായിരുന്നു. ഇപ്പോള്‍ പക്ഷേ ഷമ്മി ജോണ്‍ എന്നുതന്നെ അത് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു.
കഥാപുസ്തകത്താളുകളിലെ പരാക്രമിയായ സിംഹരാജനും കൗശലക്കാരനായ കുരങ്ങനുമൊക്കെ രൂപവും ഭാവവും നല്‍കിയ ഷമ്മി ജോണ്‍ എന്ന ചിത്രകാരനെ തേടിയുള്ള യാത്ര അവസാനിക്കുന്നത് കുവൈത്ത് സിറ്റിയിലെ ശര്‍ക്കിലാണ്.
പ്രൈമറി ക്ളാസിലെ അധ്യാപകനായിരുന്ന വര്‍ക്കി സാറായിരുന്നു ഷമ്മിയിലെ ചിത്രകാരനെ കണ്ടത്തെിയത്. സ്കൂള്‍ പഠനകാലത്ത് നിരവധി ചിത്രരചനാമത്സരങ്ങളില്‍ പങ്കെടുത്തു.
1981ലെ സ്കൂള്‍ യുവജനോത്സവത്തില്‍ എണ്ണച്ചായത്തില്‍ ഒന്നാമനായി. ഒമ്പതാം ക്ളാസുമുതല്‍ തന്നെ വാരികകളിലും മറ്റും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.
ചിത്രകലയില്‍ ഡിപ്ളോമ നേടിയശേഷം അന്ന് ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന പൂമ്പാറ്റ എന്ന ബാലമാസികയില്‍ സ്റ്റാഫ് ചിത്രകാരനായ ഷമ്മി ജോണ്‍ പത്തുവര്‍ഷത്തിനിടെ കുരുന്നുമനസ്സുകളെ ആകര്‍ഷിച്ച ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ക്ക് വരകളിലൂടെ രൂപം നല്‍കി. നോവല്‍ ടുഡേക്ക് വേണ്ടിയും ബാലകൃഷ്ണന്‍ മാങ്ങാട്, ജോര്‍ജ് ഓണക്കൂര്‍, അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ കൃതികള്‍ക്കും എസ്.ടി റെഡ്യാര്‍ സണ്‍സിന്‍െറ അമര്‍ ചിത്രകഥകള്‍ക്കുവേണ്ടിയും ബ്രഷ് ചലിപ്പിച്ചു.
ഓയില്‍ കമ്പനി ജീവനക്കാരനായാണ് പ്രവാസം തുടങ്ങിയത്. പിന്നീട് അല്‍ വതന്‍ പത്രത്തിലൂടെ വീണ്ടും വരകളുടെ ലോകത്ത്.
പരസ്യക്കമ്പനിയായ ആംകോയില്‍ സീനിയര്‍ ഡിസൈനര്‍ ആയും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തമായി ആര്‍ട്ട് ഗാലറി നടത്തുകയാണ് പ്രവാസലോകത്ത് കാല്‍നൂറ്റാണ്ടു തികക്കാനൊരുങ്ങുന്ന ഈ കലാകാരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.