വിമാനത്താവളം പ്രവർത്തനം പുനഃസ്ഥാപിക്കൽ നടപടികൾ ആരംഭിച്ചു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വിമാനത്താവളം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. ഇറാൻ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ഞായറാഴ്ച പുലർച്ച പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആരംഭിച്ചു.
വിമാനത്താവളത്തിലെ സ്ഥിതി നിലവിൽ സുസ്ഥിരമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ദുഐജ് അൽ ഒതൈബി അറിയിച്ചു. കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും അഭ്യർഥിച്ചു.
സംഘർഷത്തിന് പിറകെ യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഏവിയേഷൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12:07 ന് വിമാനങ്ങൾ നിർത്തിവച്ചു.
ഒന്ന്, നാല്, അഞ്ച് ടെർമിനലുകളിൽനിന്ന് ആളുകളെ ഉടനടി സുഗമമായി ഒഴിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ടെർമിനൽ ഒന്നിൽ ഡ്രോൺ ഇടിച്ചുകയറി ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു. ചികിത്സയിലുള്ള ഇവരുടെ പരിക്ക് നിസ്സാരമാണ്.
വിമാന സർവിസുകൾ നിർത്തിവച്ചതിനെത്തുടർന്ന് യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി. ചില വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അൽ ഒതൈബി പറഞ്ഞു.
പ്രധാനമന്ത്രി സന്ദർശിച്ചു
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വിമാനത്താവളത്തിൽ പരിശോധന സന്ദർശനം നടത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) മേധാവി ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു.
പാസഞ്ചർ ടെർമിനലിന് (ടി-1) ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ഉടനടി അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചതായി അധികൃതർ വിശദീകരിച്ചു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഏകോപനത്തെയും പരിശ്രമങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി നിലവിലെ സാഹചര്യം ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

