കുട്ടികൾക്കുള്ള സ്റ്റെം സെല്ലുകൾ മാറ്റിവെക്കൽ: കുവൈത്ത് രണ്ടാമത്
text_fieldsസ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷൻ കോൺഫറൻസ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുട്ടികൾക്കുള്ള സ്റ്റെം സെല്ലുകൾ മാറ്റിവെക്കുന്നതിൽ ഗൾഫ് തലത്തിൽ കുവൈത്തിന് രണ്ടാം സ്ഥാനം. കുട്ടികൾക്കായി 33 ട്രാൻസ് പ്ലാന്റ് ഓപറേഷനുകൾ ഇതുവരെ നടത്തിയിട്ടുണ്ടെന്ന് ദന്തചികിത്സ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മെഷാൽ അൽ കന്ദരി പറഞ്ഞു.
നാഷനൽ ബാങ്ക് ഹോസ്പിറ്റൽ സംഘടിപ്പിച്ച രണ്ടാമത്തെ സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷൻ കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ ആരോഗ്യമന്ത്രിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബുദം, പ്രതിരോധശേഷിക്കുറവ്, രക്തം, പാരമ്പര്യ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന കേസുകളിൽ സ്റ്റെം സെൽ ചികിത്സ ഉപയോഗിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. അൽ കന്ദരി പറഞ്ഞു. സ്റ്റെം സെല്ലുകൾ മാറ്റിവെക്കുന്നതിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ കോൺഫറൻസിൽ ചർച്ചചെയ്യുമെന്ന് ആശുപത്രിയിലെ കുട്ടികളുടെ രക്തരോഗ വാർഡ് മേധാവി ഡോ. സോണ്ടോസ് അൽ ശാരിദ പറഞ്ഞു. കോൺഫറൻസിൽ പങ്കെടുക്കുന്നവർ സ്റ്റെം സെൽ ട്രാൻസ് പ്ലാന്റ് ഡിവിഷൻ സന്ദർശിക്കുമെന്നും കൂട്ടിച്ചേർത്തു.