മനുഷ്യക്കടത്തും കുടിയേറ്റവും തടയുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ്
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി അറ്റോർണി ജനറൽ സാദ് അൽ സഫറാൻ അറിയിച്ചു.
മനുഷ്യക്കടത്ത് കേസുകളുടെ അന്വേഷണവും ഇരകളുടെ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനാണ് പുതിയ യൂനിറ്റ്.
വിവിധ പ്രോസിക്യൂഷൻ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധ ഉദ്യോഗസ്ഥരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. 2013ലെ നിയമപ്രകാരം, ഇരകളെ തിരിച്ചറിയാനും സംരക്ഷിക്കാനും തെളിവ് ശേഖരിക്കാനുമായി ഏകീകൃത നടപടിക്രമങ്ങൾ ടീം തയാറാക്കും.
നിലവിലുള്ളതും പുതിയതുമായ കേസുകൾ പരിശോധിച്ച് ആവശ്യമായ ശിപാർശകൾ സമർപ്പിക്കുന്നതും ടീമിന്റെ ചുമതലയാണ്.
മനുഷ്യക്കടത്ത് കേസുകൾക്കായി ദേശീയ ഡാറ്റാബേസ് ഒരുക്കി റിപ്പോർട്ടുകൾ നിശ്ചിത ഇടവേളകളിൽ അറ്റോർണി ജനറലിന് സമർപ്പിക്കുമെന്നും അറിയിച്ചു. യു.എൻ റിപ്പോർട്ടുകളിലെ നിരീക്ഷണങ്ങൾക്ക് പ്രതികരിക്കുന്നതിലും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് പരിശീലനം നൽകുന്നതിലും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കും.
രാജ്യത്ത് മനുഷ്യക്കടത്തിനെതിരായ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

