ബാങ്കിങ് തട്ടിപ്പുകൾ തടയാൻ പ്രത്യേക ഓഫിസ്
text_fieldsകുവൈത്ത് സിറ്റി: ബാങ്കിങ് തട്ടിപ്പുകൾ തടയുന്നതിനായി പ്രത്യേക നടപടികളുമായി കുവൈത്ത്. ഇലക്ട്രോണിക് തട്ടിപ്പ്, ബാങ്ക് വ്യാജരേഖ ചമക്കൽ, ഡഡ് ചെക്കുകൾ വിതരണം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ബാങ്കിങ് അഫയേഴ്സ് പ്രോസിക്യൂഷൻ ഓഫിസ് സ്ഥാപിക്കുമെന്ന് അറ്റോർണി ജനറൽ സാദ് അൽ സഫ്രാൻ അറിയിച്ചു.
സാമ്പത്തിക ഇടപാടുകളുടെ വേഗത്തിലുള്ള ഡിജിറ്റലൈസേഷൻ പശ്ചാത്തലത്തിലാണ് തീരുമാനം. ബാങ്കിങ് മേഖലയിലെ പൊതുജന വിശ്വാസം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ആധുനിക ബാങ്കിങ് കുറ്റകൃത്യങ്ങളെ നേരിടാൻ പ്രത്യേക അന്വേഷണ-പ്രോസിക്യൂഷൻ സംവിധാനമാണ് പുതിയ ഓഫിസ് ലക്ഷ്യമിടുന്നത്. യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി മികച്ച ഉദ്യോഗസ്ഥരെ ഇതിലേക്കായി തെരഞ്ഞെടുക്കും. കുറ്റകൃത്യപ്രവണതകൾ വിലയിരുത്തുന്ന പഠനങ്ങളും റിപ്പോർട്ടുകളും തയാറാക്കും. ഓഫിസ് അടുത്തവർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ നോട്ടിഫിക്കേഷൻ അയച്ചുള്ള തട്ടിപ്പ് എന്നിവക്കെതിരെയും അധികൃതർ ജാഗ്രത തുടരുന്നുണ്ട്.
രാജ്യത്ത് സൈബർ തട്ടിപ്പുകൾ ഏറിയതോടെ ശക്തമായ മുന്നറിയിപ്പുകളും ഇടപെടലുകളും ബാങ്കുകൾ നടത്തിയിരുന്നു. ഇതോടെ ഈ വർഷം സൈബർതട്ടിപ്പുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

