ഭക്ഷ്യസുരക്ഷക്കായി പ്രത്യേക ഉന്നതാധികാര സമിതി; പാർലമെന്റിൽ ചൊവ്വാഴ്ച ചർച്ച ചെയ്യും
text_fieldsമനാമ: ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സ്വതന്ത്രമായ ഒരു സർക്കാർ സ്ഥാപനമോ ‘സുപ്രീം കൗൺസിൽ ഫോർ ഫുഡ് സെക്യൂരിറ്റിയോ’ രൂപവത്കരിക്കണമെന്ന നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. ഹമദ് അൽ ദോയ് എം.പിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. രാജ്യത്തെ ഭക്ഷ്യ-ആരോഗ്യ നയങ്ങൾ രൂപവത്കരിക്കുക, അവ നടപ്പിലാക്കുന്നത് നിരീക്ഷിക്കുക, രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം നിയന്ത്രിക്കുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകളായി ഉണ്ടാവുക.
ആഗോളതലത്തിലെ ഭക്ഷണസാമഗ്രികളുടെ സ്ഥിരത ഇല്ലായ്മയും തടസ്സങ്ങളും കണക്കിലെടുത്ത് പൊതുതാൽപര്യം മുൻനിർത്തി പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് കമ്മിറ്റി ഈ നിർദേശത്തിന് അംഗീകാരം നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾ ഉറപ്പാക്കാനും നയങ്ങൾ ഏകീകരിക്കാനും ഒരു സ്വതന്ത്ര സമിതി അത്യന്താപേക്ഷിതമാണെന്നും എം.പി പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതികൾ ഭാവിയിലേക്ക് കൂടി കരുതിവെക്കുന്ന രീതിയിൽ ശക്തിപ്പെടുത്താൻ പുതിയ ഭരണസംവിധാനം സഹായിക്കുമെന്ന് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ജനാഹി അഭിപ്രായപ്പെട്ടു.
ഭക്ഷ്യസുരക്ഷ നിലവിൽതന്നെ സർക്കാറിന്റെ മുൻഗണനാ പട്ടികയിലുണ്ടെന്ന് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ അൽ മുബാറക് അറിയിച്ചു. കോവിഡ് കാലത്ത് പോലും രാജ്യത്ത് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹൈടെക് കൃഷിരീതികൾ, മണ്ണില്ലാ കൃഷി, കന്നുകാലി വളർത്തൽ മേഖലക്കുള്ള പിന്തുണ എന്നിവ വഴി നിലവിൽതന്നെ രാജ്യം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ നിർദേശത്തിന്മേൽ വോട്ടെടുപ്പ് നടക്കും. പാർലമെന്റ് ഇത് അംഗീകരിക്കുകയാണെങ്കിൽ, തുടർനടപടികൾക്കായി നിർദേശം സർക്കാറിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

