ബഹിരാകാശ നേട്ടം; സൗദിക്ക് കുവൈത്തിന്റെ പ്രശംസ
text_fieldsഅമീർ ശൈഖ് നവാഫ്
അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: ബഹിരാകാശ യാത്ര രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കിയ സൗദി അറേബ്യക്ക് കുവൈത്തിന്റെ പ്രശംസ. ആശംസകൾ അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സന്ദേശം അയച്ചു. സൗദി അറേബ്യയുടെ ശാസ്ത്രനേട്ടത്തെ അമീർ അഭിനന്ദിച്ചു. ഈ നേട്ടം ശാസ്ത്ര, സാങ്കേതിക, ബഹിരാകാശ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച മഹത്തായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര വേദിയിലും മറ്റു തലങ്ങളിലും രാജ്യത്തിന്റെ പദവി ഉയർത്തുന്നതുമാണിത്. സൗദിയുടെയും അറബ് രാജ്യങ്ങളുടെയും ഈ നേട്ടം അഭിമാനകരമാണെന്നും കുവൈത്ത് അമീർ വ്യക്തമാക്കി.
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിൻ കീഴിൽ രാജ്യത്തിനും അതിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്നും ശൈഖ് നവാഫ് ആശംസിച്ചു.
തിങ്കളാഴ്ചയാണ് സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇതോടെ ആദ്യമായി ഒരു വനിതയെ ബഹിരാകാശത്തേക്കയച്ച അറബ് രാജ്യം എന്ന റെക്കോഡ് സൗദി അറേബ്യ കരസ്ഥമാക്കി. ഒരേസമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ ഐ.എസ്.എസിൽ എത്തിക്കുന്ന, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഔദ്യോഗിക പങ്കാളിത്തത്തിന്റെ ഭാഗമല്ലാത്ത ആദ്യത്തെ രാജ്യവുമാണ് സൗദി അറേബ്യ. 17 മണിക്കൂർ സഞ്ചാരം പൂർത്തിയാക്കിയാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

